കുവൈറ്റില്‍ കുടിയേറ്റ-തൊഴില്‍ നിയമങ്ങളില്‍ സമഗ്രമാറ്റങ്ങള്‍

Untitled-1 copyകുവൈറ്റില്‍ തൊഴില്‍-കുടിയേറ്റ നിയമങ്ങളില്‍ സമഗ്രമാറ്റങ്ങള്‍ നടപ്പിലാക്കി. സ്വകാര്യ മേഖലയില്‍ ഏകീകൃത തൊഴില്‍ കരാറിനൊപ്പം വിദേശികളുടെ ഇഖാമ-പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി പരിഷ്‌ക്കാരങ്ങളാണ്‌ തൊഴില്‍ സാമൂഹിക മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്‌. മുപ്പത്‌ ലക്ഷത്തോളം വരുന്ന വിദേശികളെ നേരിട്ട്‌ ബാധിക്കുന്ന തരത്തിലാണ്‌ പുതിയപരിഷ്‌ക്കാരങ്ങള്‍ കുടിയേറ്റ-തൊഴില്‍ നിയമങ്ങളില്‍ വരുത്തിയിട്ടുള്ളത്‌.

വിദേശികളുടെ ഇക്കാമ കാലാവധി പാസ്‌പോര്‍ട്ടിന്റെ കാലവധിയുമായി ബന്ധപ്പെടുത്തുന്നതായതാണ്‌ നിയമമാറ്റങ്ങളില്‍ ഏറ്റവും പ്രധാനം. ആശ്രിത വിസക്കാര്‍ക്ക്‌ സ്‌പോണ്‍സറായ ഭര്‍ത്താവിന്റെയോ, പിതാവിന്റേയോ വിസയുടെ കാലാവധിയുമായി ബന്ധിപ്പിക്കുന്നതാണ്‌ മറ്റൊരു ഭേദഗതി. രാജ്യത്തിന്‌ അകത്തുള്ളവര്‍ക്ക്‌ വിസ പുതുക്കുന്നതിന്‌ പാസ്‌പോര്‍ട്ട്‌ കാലാവധി ചുരുങ്ങിയത്‌ ഒരുവര്‍ഷം ഉണ്ടായിരിക്കണം. വര്‍ക്ക്‌ വിസയില്‍ കുവൈത്തിലേക്ക്‌ ആദ്യമായാണ്‌ വരുന്നതെങ്കിലും കാലാവധി രണ്ട്‌ വര്‍ഷവും വിസിറ്റ്‌ വിസകള്‍ക്ക്‌ ആറ്‌ മാസത്തെ കാലാവധിയും ഉണ്ടായിരിക്കണമെന്നാണ്‌ നിബന്ധന.

തൊഴില്‍ നിയമങ്ങളിലും സമഗ്രമായ മാറ്റങ്ങളാണ്‌ വരുത്തിയിരിക്കുന്നത്‌. സ്വകാര്യ മേഖലയിലെ തൊഴിലാളിക്കും തൊഴിലുടമയ്‌ക്കും ഒരുപോലെ ഗുണകരമാകുന്ന ഏകീകൃത തൊഴില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ തൊഴിലാളികളുടെ ജോലിസമയം, അവധി, മറ്റ്‌ ആനുകൂല്യങ്ങള്‍ എന്നിവയിലുളള മാറ്റങ്ങള്‍ കൃത്യമായും നിര്‍വചിച്ചിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന്‌ രാജ്യങ്ങള്‍ തിരിച്ചുള്ള ഫീസും, ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തുന്ന നിയമം ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.