Section

malabari-logo-mobile

നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി, ദേവസ്വം മന്ത്രി ഉടവാള്‍ കൈമാറി

HIGHLIGHTS : നവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായര്‍ രാവിലെ  7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ

നവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായര്‍ രാവിലെ  7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം നടന്നു. പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം ഉടവാള്‍ കൈമാറി. അദ്ദേഹം ഉടവാള്‍ ശുചീന്ദ്രം ദേവസ്വം ജോയിന്റ് കമ്മീഷണര്‍ എം അന്‍പുമണിക്ക് നല്‍കി. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.റജികുമാര്‍, കൊട്ടാരം സൂപ്രണ്ട് അജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കൊട്ടാര മുറ്റത്ത് നടന്ന പൂജാ ചടങ്ങില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, എം.വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

പത്മനാഭപുരം തേവാരക്കെട്ടില്‍നിന്ന് സരസ്വതിദേവി, വേളിമലയില്‍നിന്ന് കുമാരസ്വാമി, ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.
വിഗ്രഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപ്പൂജ നടത്തും. തിങ്കള്‍ രാവിലെ കുഴിത്തുറയില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിര്‍ത്തിയില്‍ കേരള പൊലീസ്, ദേവസ്വം, റവന്യൂവകുപ്പുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകിട്ട് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ ഇറക്കിപ്പൂജ നടത്തും. ഒമ്പതിന് രാവിലെ നെയ്യാറ്റിന്‍കരയില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് കിഴക്കേകോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമുന്നിലുള്ള നവരാത്രിമണ്ഡപത്തില്‍ എത്തും.
ആചാരപ്രകാരമുള്ള വരവേല്‍പ്പിനെതുടര്‍ന്ന് ഉടവാളിനൊപ്പം സരസ്വതീവിഗ്രഹത്തെ പത്മതീര്‍ഥക്കരയിലെ നവരാത്രിമണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 10ന് നവരാത്രിപൂജ ആരംഭിച്ച് വിജയദശമി ദിനമായ 19ന് സമാപിക്കും. പൂജയെടുപ്പിന് മറുനാള്‍ ഒരു ദിവസത്തെ നല്ലിരിപ്പിനു ശേഷം 21ന് രാവിലെ മാതൃക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങളുടെ മടക്കിയെഴുന്നള്ളത്ത് ആരംഭിക്കും. ആദ്യ ദിനം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും രണ്ടാം ദിനം കുഴിത്തുറ മഹാദേവക്ഷേത്രത്തിലും ഇറക്കി പൂജ നടത്തിയ ശേഷം വൈകിട്ട് പത്മനാഭപുരം കൊട്ടാരത്തില്‍ എത്തും. സരസ്വതി ദേവിയെ ആനപ്പുറത്തും മറ്റു വിഗ്രഹങ്ങളെ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!