ഇന്ത്യാ പാക് യുദ്ധം ഏത് നിമിഷവും ഉണ്ടായേക്കാം; നവാസ് ഷെരീഫ്

navas shareefഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏത് നിമിഷവും നാലാമതൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാശ്മീര്‍ പ്രശ്‌നമായിരിക്കും യുദ്ധകാരണമെന്നും അതുകൊണ്ടു തന്നെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കുകയാണ് യുദ്ധം ഒഴിവാക്കാനുള്ള പോവഴിയെന്നും നവാസ് ഷെരീഫ് പറഞ്ഞു. പാക് അധീന കാശ്മീരില്‍ ആസാദ് ജമ്മു ആന്റ് കാശ്മീര്‍ എന്ന സംഘടനയുടെ പൊതു സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷെരീഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയുമായി നാലാമതൊരു യുദ്ധത്തിന്റെ കാരണം കാശ്മീരാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ അധീനതയില്‍ നിന്നുള്ള കാശ്മീരിന്റെ സ്വാതന്ത്ര്യം തന്റെ ജീവിതകാലത്തു തന്നെ സംഭവിക്കുക എന്നത് ഏറ്റവും വലിയ സ്വപ്നമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. നവാസ് ഷെരീഫിന്റെ ഈ വിവാദ പരാമര്‍ശങ്ങള്‍ പാകിസ്ഥാനിന്റെ ഡോണ്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭാ പ്രമേയവും ജനങ്ങളുടെ അഭിലാഷവും പരിഗണിച്ച് കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യണമെന്നും അല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാകുകയില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യ ആയുധങ്ങള്‍ വാങ്ങി കൂട്ടുകയാണെന്നും ഇതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമാകുയാണെന്നും പറഞ്ഞ നവാസ് ഷെരീഫ് അതിര്‍ത്തിയില്‍ നിലവിലുള്ള സാഹചര്യം തൃപ്തികരമാണെന്നും വിലയിരുത്തി.

യുഎന്‍ പ്രമേയം നടപ്പിലാക്കുന്നതില്‍ ഇന്ത്യ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും വിഷയത്തില്‍ ഇന്ത്യയുടെ ആത്മാര്‍ത്ഥയില്ലായ്മയുടെ തെളിവാണിതെന്നും ഷെരീഫ് തുറന്നടിച്ചു. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായി അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യത്തോടെയാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അഭിമുഖ സംഭാഷണം അവസാനിപ്പിക്കുന്നത്.