എന്‍.ഐ.പി.എം.ആറില്‍ 4 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: തൃശൂര്‍ ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ 4 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തുടക്കം കുറിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ഈ കേന്ദ്രത്തെ സെന്റര്‍ ഓഫ് എക്‌സലന്റ് ആക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം മൂന്ന് വര്‍ഷത്തെ ആക്ഷന്‍ പ്ലാനിന് അംഗീകാരം നല്‍കുകയും ചെയ്തു.

ഇതിന്റെ ആദ്യപടിയായുള്ള ശ്രവണ സംസാര ഭാഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ശ്രവണ സംസാര രംഗത്ത് ഇന്ന് ലഭ്യമായിരിക്കുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള ഹിയറിംഗ് ആന്റ് സ്പീച്ച് ലാബ്, ഇന്ത്യയിലെ തന്നെ മികച്ച സെന്‍സറി ഇന്റഗ്രേഷന്‍ റൂം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഈ ശ്രവണ സംസാര കേന്ദ്രത്തിലൂടെ പ്യുവര്‍ ടോണ്‍, ഓഡിയോമെട്രി, ഇംപിഡന്‍സ് ഓഡിയോമെട്രി, ക്യു.എ.ഇ, ബെറ തുടങ്ങിയ കേള്‍വി ടെസ്റ്റുകളും കോക്ലിയാര്‍ ഇംപ്ലാന്റേഷനു ശേഷം ആവശ്യമായി വരുന്ന ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും നല്‍കാന്‍ കഴിയും. ഇതോടൊപ്പം ഹൈഡ്രോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, പ്രോസ്‌തെറ്റിക് ഓസ്തറ്റിക് തുടങ്ങിയ ആറ് പദ്ധതികളും ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സാമൂഹ്യനീതി വകുപ്പിന് ബജറ്റില്‍ മുന്തിയ പരിഗണന നല്‍കിയത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. അതില്‍ 60 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു. 100ലേറെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഈ മാര്‍ച്ചോടെ നിര്‍വഹിക്കും. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.