ദേശീയപാത പദവിയില്ലാത്ത ഭാഗങ്ങളില്‍ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി

കൊച്ചി:സംസ്ഥാനത്ത് ദേശീയപാതകള്‍ എന്ന് വിളിക്കുന്ന പല പാതകള്‍ക്കും ദേശീയപാത പദവി ഇല്ലാത്തതിനാല്‍ ആ ഭാഗങ്ങളില്‍ പൂട്ടിയ മദ്യശാലകളും ബാറുകളും തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള എന്‍എച്ച് 66നും കണ്ണൂര്‍ – കുറ്റിപ്പുറം പാതക്കുമാണ് ദേശീയപാത പദവി ഇല്ലെന്ന് വ്യക്തമായത്. ഈ ഭാഗങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും ഹൈക്കോടതി എക്സൈസിനോടു നിര്‍ദേശിച്ചു. ഈ റോഡുകള്‍ക്ക് ദേശീയപാത പദവിയില്ലെന്നുകാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി. ഇന്നും നാളെയുമായി മദ്യശാലകള്‍ തുറന്നേക്കും

ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 173 കിലോമീറ്റര്‍ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാറുടമകള്‍ ഹൈക്കോടതിയുടെ അനുകൂലവിധി നേടിയത്.

2014 മാര്‍ച്ച് അഞ്ചിനു കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ പദവിയില്‍നിന്നു ഈ പ്രദേശത്തെ ഒഴിവാക്കിയിരുന്നു. കണ്ണൂര്‍ കുറ്റിപ്പുറം പാതയിലും സമാനമായ വിധിയാണുണ്ടായത്. അനുമതിയെ തുടര്‍ന്ന് കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ 40ഓളം മദ്യശാലകളും മാഹിയില്‍ 32ഓളം മദ്യശാലകളും തുറന്നേക്കും.