ദേശീയ പാതാ വികസനം: എംഎല്‍എമാരും, ജനപ്രതിനിധികളും ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

മലപ്പുറം : ദേശീയ പാതാ വികസനം കൂടുതല്‍ അനുയോജ്യമായ രീതിയില്‍ നടത്തുന്നതിന് എം.എല്‍.എ.മാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ചില പഞ്ചായത്തുകളില്‍ മാത്രം പാതയ്ക്ക് ചെറിയമാറ്റം വരുത്തി കൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് ജന പ്രതിനിധികള്‍ സ്‌കെച്ച് സഹിതം ജില്ലാ കലക്ടര്‍ മുമ്പാകെ അവതരിപ്പിച്ചത്. പുതിയ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുമെന്ന് ജന പ്രതിനിധികള്‍ അവകാശപ്പെട്ടു.

ജില്ലയില്‍ ദേശീയ പാതയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊതു മരാമത്ത് മന്ത്രി ജന പ്രതിനിധികളെയും സമര സമിതി അംഗങ്ങളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാ കലക്ടറോട് നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ പാത അത്യാവശ്യമാണങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കുറച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

ചേലേമ്പ്ര, പള്ളിക്കല്‍, മുന്നിയൂര്‍, എ.ആര്‍ നഗര്‍, പെരുമണ്ണ -ക്ലാരി, എടരിക്കോട്, മാറാക്കര, ആതവനാട് പഞ്ചായത്തുകളും വളാഞ്ചേരി,പൊന്നാനി,തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ നിന്നുമാണ് പൊതുജനങ്ങള്‍ക്ക് നഷ്ടമില്ലാത്ത രീതിയില്‍ കൊണ്ടുപോകുന്ന പുതിയ പാതയുമായി എത്തിയത്.സ്‌കെച്ചുകളും മറ്റും പരിശോധിച്ച് ജില്ലാ കലക്ടര്‍ ജന പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ ദേശീയ പാതാ വിഭാഗത്തിനും അയച്ചുകൊടുക്കുമെന്ന് അറിയിച്ചു. ഇതോടൊപ്പം പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്ന് എടുത്തു തീരുമാനങ്ങളും അറിയിക്കും. ദേശീയ പാത വിഭാഗം ആവശ്യപ്പെടുന്ന പക്ഷം ബദല്‍ പാതയുടെ ഗ്രൗണ്ട് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നടത്തും.എന്നാല്‍ നിലവിലുള്ള സര്‍വ്വെ പരിപാടികള്‍ യാതൊരു കാരണവശാലും മാറ്റില്ലെന്നും സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മലപ്പുറ കലക്‌ട്രേറ്റില്‍ നടന്ന യേഗത്തില്‍ എം.എല്‍.മാരായ ടി.വി.ഇബ്രാഹിം, കെ.എന്‍.എ.ഖാദര്‍, സി.മമ്മുട്ടി, പികെ. അബ്ദുറബ്ബ്, ഡപ്യുട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ. അരുണ്‍, ജയശങ്കര്‍ പ്രസാദ,് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.