ദേശീയ ചലചിത്ര അവാര്‍ഡ്‌; മലയാളത്തിന്‌ പ്രധാന പുരസ്‌ക്കാരങ്ങള്‍ ഇല്ലെന്ന്‌ റിപ്പോര്‍ട്ട്‌

National_Film_Award_300ദേശീയ ചലചിത്ര അവാര്‍ഡില്‍ മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങള്‍ ഒന്നും ലഭിക്കാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ട്. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് പട്ടികയില്‍ മലയാളികള്‍ ഇടം പിടിച്ചില്ല. മികച്ച നടനുള്ള പുരസ്‌കാരത്തിന് കന്നഡ താരം സഞ്ചാരി വിജയ്, ദുര്‍ഗേഷ് എന്നിവരാണ് മുന്നിലെന്നാണ് സൂചനകള്‍. നേരത്തെ നടന്‍ മമ്മൂട്ടി (മുന്നറിയിപ്പ്), ജയസൂര്യ (അപ്പോത്തിക്കരി) എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചതായുള്ള വാര്‍ത്തയുണ്ടായിരുന്നു.

നടിക്കുള്ള അവാര്‍ഡില്‍ ബോളിവുഡില്‍ നിന്നും പ്രിയങ്ക ചോപ്ര (മേരികോം), റാണി മുഖര്‍ജി (മര്‍ദാനി), കങ്കണ റണൗട്ട് (ക്വീന്‍) എന്നിവര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും പ്രിയങ്ക ചോപ്രയ്ക്ക് അവാര്‍ഡ് ലഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം, മികച്ച ചിത്രം, സംവിധായകന്‍ എന്നീ അവാര്‍ഡുകളില്‍ മലയാള ചിത്രം ഉള്‍പ്പെട്ടിട്ടുണ്ട്.

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചത്. ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് പ്രത്യേക പരാമര്‍ശം ലഭിച്ചേക്കും. മികച്ച സഹടനുള്ള പട്ടികയില്‍ നെടുമുടി വേണു, ജോയ്മാത്യു, കുമരകം വാസുദേവന്‍ എന്നിവര്‍ പരിഗണനയിലുണ്ട്. നടി ലെന മികച്ച സഹനടിയായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.