ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പൊതുപണിമുടക്ക്‌

Story dated:Tuesday September 1st, 2015,02 59:pm

harthalതിരുവനന്തപുരം: ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തെ പത്തു പ്രമുഖ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക്‌ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്‌ പണിമുടക്ക്‌. സര്‍ക്കാരിന്റെ കോര്‍പറേറ്റ്‌ അനുകൂല ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും എതിരെയാണ്‌ പണിമുടക്കെന്ന്‌ ട്രേഡ്യൂണിയന്‍ നേതാക്കള്‍ വ്യ്‌കതമാക്കിയിട്ടുണ്ട്‌. റെയില്‍വേയെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന്‌ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച്‌ എം എസ്‌, സിഐടിയു, എ ഐ ടി യു സി, ടി യു സി സി , എസ്‌ ഇ ഡബ്യുു എ, എ ഐ സി സി, ടി യു സി, യു ടി യു സി, എല്‍ പി എഫ്‌, ആള്‍ ഇന്ത്യ ഫെഡറേഷന്‍സ്‌ ഓഫ്‌ ബാങ്ക്‌സ്‌ അംഗങ്ങള്‍, ഇന്‍ഷൂറന്‍സ്‌, ഡിഫന്‍സ്‌, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ വാഹനഗതാഗതം തടസപ്പെടും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. അതേസമയം അവശ്യസര്‍വ്വീസുകളായ പാല്‍, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്ന്‌ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.