പെരുമാറ്റ ചട്ടലംഘനം; മോദിക്കെതിരെ കേസെടുക്കണം;തെരഞ്ഞെടുപ്പ് കമ്മീഷന്‍

Narendra-Modiഗാന്ധിനഗര്‍ : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ്ബൂത്തില്‍ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് നടപടി. വോട്ട് ചെയ്ത ശേഷം താമരചിഹ്നം ഉയര്‍ത്തികാട്ടിയതാണ് നടപടിക്ക് കാരണം.

ഇന്ന് വൈകീട്ട് 6 മണിക്കുള്ളില്‍ മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ചാനലുകള്‍ക്കെതിരെയും കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഇന്ന് രാവിലെ എല്‍കെ അദ്ധ്വാനി മല്‍സരിക്കുന്ന ഗാന്ധിനഗറില്‍ വോട്ട് ചെയ്തശേഷം പുറത്തിറങ്ങിയ മോദി താമര ഉയര്‍ത്തികാട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് അമ്മയും മകനും നയിക്കുന്ന സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു.