നളിനി നെറ്റോ ചീഫ് സെക്രട്ടറി

കൊച്ചി: അടുത്ത ചീഫ് സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് മാര്‍ച്ച് 31 നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം. വി എസ് സെന്തിലായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

1981 ല്‍ ഐ.എ.എസ്‌ നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാര്‍, ഇറിഗേഷന്‍ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.കേരളത്തിലെ ആദ്യ വനിതാ ചീഫ്‌ ഇലക്ടറല്‍ ഓഫീസറായിരുന്നു അവര്‍. വിജിലന്‍സ്‌ ഐ. ജി ഡെസ്‌മണ്ട്‌ നെറ്റോയാണ്‌ ഭര്‍ത്താവ്‌.

സുബ്രത ബിശ്വാസിനെ ആഭ്യന്തര സെക്രട്ടറിയായും ഹരിത വി കുമാറിനെ പഞ്ചായത്ത് സെക്രട്ടറിയായും ആശാ തോമസിനെ പൊതുമരാമത്ത് സെക്രട്ടറിയായും നിയമിക്കാനും തീരുമാനമായി.