നാദാപുരം പീഡനം; കേസ്‌ അട്ടിമറിക്കാനുള്ള ശ്രമമെന്ന്‌ പിതാവ്‌

Untitled-1 copyനാദാപുരം:നാദാപുരം പാറക്കടവ് ദാറുല്‍ഹു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍  നാല് വയസ്സുകാരി പീഡനത്തിനിരയായ കേസ് അട്ടിമറിക്കാന്‍ വീണ്ടും  നീക്കം. ബാലികയുടെ ലൈംഗികാവയവത്തിലെ മുറിവ് സ്വയമുണ്ടാക്കിയതാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി ക്രൈംബ്രാഞ്ചാണ് അട്ടിമറി ആരോപണത്തില്‍ പ്രതിക്കൂട്ടിലുള്ളത്.

ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ ലൈംഗികാവയവത്തില്‍ മുറിവ് സംഭവിച്ചതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. ബാലിക പീഡനത്തിനിരയായെന്നതിന്‍റെ പ്രധാന തെളിവും ഇതായിരുന്നു. എന്നാല്‍ ഈ മുറിവ് പെണ്‍കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നതത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷാണ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്.

സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മതപഠന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് കേസിലെ പ്രതികള്‍. നേരത്തെ കേസന്വേഷിച്ച ഡി.വൈ.എസ്.പി ജെയ്സണ്‍.കെ എബ്രഹാം സ്കൂളിലെ ബസ് ക്ലീനറെ പ്രതിയാക്കാന്‍ നടത്തിയ നീക്കം വിവദമായിരുന്നു. എന്നാല്‍ അന്നൊന്നും  കണ്ടെത്താത്ത കാര്യമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റിപ്പോര്‍ട്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നേരത്തെ കേസന്വേഷിച്ച പോലീസ് ഒന്നും ഇത്തരം ഒരു കണ്ടെത്തല്‍ നടത്തിയിട്ടില്ലെന്നും കേസ് അട്ടിമറിക്കാന്‍ തുടക്കത്തിലേ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ റിപ്പോര്‍ട്ടെന്നും പിതാവ് ആരോപിച്ചു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ പരാമര്‍ശങ്ങള്‍ സ്ഥാപന മേധാവികള്‍ക്ക് നേരത്തെ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം രണ്ടാഴ്ച മുമ്പ് നടന്ന പി.ടി.എ യോഗത്തില്‍ വെച്ച് അധികൃതര്‍ പറഞ്ഞിരുന്നുവെന്നും പിതാവ് ആരോപിച്ചു. അന്വേണ സംഘത്തിന്‍റെ കണ്ടെത്തലിനെതിരെ കോടതിയെ സമീപിക്കാനാണ് പിതാവിന്‍‍റെ തീരുമാനം.

പീഡനത്തിനിരയായ ബാലികയെ അധിക്ഷേപിക്കുന്ന തരത്തില്‍ സ്ഥാപന മേധാവി പേരോട് അബ്ദുറഹ്മാന്‍ സഖാഫി നടത്തിയ പ്രസംഗം വിവദമായിരുന്നു. ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോഴും സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കി പേരോടിനെ സംരക്ഷിക്കുകയായിരുന്നു. കേസിലെ  പ്രതിയായ പേരോടിന്‍റെ തന്നെ ആവശ്യപ്രകാരാണ് പീഡനക്കേസും ബാലികയെ അപമാനിച്ച കേസും ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നതും ശ്രദ്ധേയമാണ്.

Related Articles