നബിദിനറാലി ശോഭയാത്രപോലെയെന്ന് വിമര്‍ശനം : നബിദിനത്തെ ചൊല്ലി കേരളത്തിലെ മുസ്ലീംസംഘടനകള്‍ക്കിടയില്‍വിവാദം കൊഴുക്കുന്നു

*നബിദിനറാലി ശോഭായാത്രപോലെയെന്ന് വിമര്‍ശനം, *നബിദിനത്തെച്ചൊല്ലി കേരളത്തില്‍ മുസ്ലിം സംഘടനകളില്‍ വിവാദം, *ആഘോഷപ്രകടനങ്ങളുമായി സുന്നി സംഘടനകള്‍

ഇസ്ലാം മത പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490ാം ജന്മദിനം ആഘോഷിക്കുന്ന സമയത്ത് നബിദിനത്തെച്ചൊല്ലി പതിവുപോലെ കേരളത്തില്‍ മുസ്ലിം സംഘടനകളില്‍ വിവാദം ഉയരുകയാണ്. പരമ്പരാഗത സുന്നി മുസ്ലിംകള്‍ നബിദിനം ഘോഷയാത്രയും മൌലിദ് പാരായണവും ഭക്ഷണ വിതരണവും നടത്തി ആഘോഷിക്കുമ്പോള്‍ നബിദിനാഘോഷം മതവിരുദ്ധമാണെന്നാണ് മുജാഹിദ് സംഘടനകളുടെയും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാട്. കാലങ്ങളായി കേരളത്തില്‍ മുസ്ലിം സംഘടനകളില്‍ ഇതെക്കുറിച്ചു നടക്കുന്ന തര്‍ക്കം ഇപ്പോഴും തുടരുന്നു.

കോഴിക്കോട്ടെ ജമാഅത്തെ ഇസ്ലാമിയുടെ മാവൂര്‍റോഡിലെ പള്ളിയില്‍ കഴിഞ്ഞ ദിവസം ഇമാം പ്രഖ്യാപിച്ചത്. നബിദിനാഘോഷത്തിലെ റാലി ശോഭായാത്ര പോലെയാണെന്നാണ്. നബിദിനാഘോഷത്തെ നബിജയന്തിയായും ഈ വിഭാഗങ്ങളിലുള്ളവര്‍ സോഷ്യസ്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശിക്കുന്നു. പ്രവാചകന്‍റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താത്തവരാണ് പ്രകടനാത്മകവും പ്രവാചകന്‍ ഒരിക്കലും ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്യാത്ത നബിദിനം ആഘോഷിക്കുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം. ഹിജ്റ ഏഴാം നൂറ്റാണ്ടിലെ മുളഫര്‍ രാജാവാണ് ആദ്യമായി ഇന്നത്തെ രീതിയില്‍ നബിദിനാഘോഷം ആരംഭിച്ചതെന്നും അതുകൊണ്ടുതന്നെ അതിന് ഇസ്ലാമിക ആഘോഷങ്ങളുമായി ബന്ധമൊന്നുമില്ലെന്നുമാണ് ഇവരുടെ ആരോപണം.

എന്നാല്‍ കേരളത്തില്‍ പരമ്പരാഗത സുന്നിവിശ്വാസികള്‍ ഇരുപക്ഷവും(ഇ.കെ,എ.പി) വളരെ ആഘോഷത്തോടെയാണ് ഇത്തവണയും നബിദിനത്തെ സ്വീകരിച്ചത്. പ്രവാചകന്‍റെ കാലത്ത് ഇന്നുകാണുന്നതുപോലെയുള്ള ആഘോഷങ്ങളുണ്ടായിരുന്നില്ലെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അക്കാലത്ത് പ്രവാചക പ്രകീര്‍ത്തനങ്ങളുണ്ടായിരുന്നുവെന്നും ഇസ്ലാമിക പ്രവാചകന്‍റെ ജന്മദിനത്തില്‍ സന്തോഷിക്കുകയെന്നത് വിശ്വാസിയില്‍ നിന്ന് സ്വാഭാവികമായി ഉണ്ടാവുന്നതാണെന്നും വിശദീകരിക്കുന്നു. സന്തോഷമുണ്ടാവുമ്പോള്‍ മനുഷ്യര്‍ സ്വാഭാവികമായി ചെയ്യുന്നത് മാത്രമേ ഇസ്ലാമി പരിധിയില്‍ നിന്ന് തങ്ങള്‍ ചെയ്യുന്നുള്ളൂവെന്നും സുന്നികള്‍ വാദിക്കുന്നു.

നബിദിനവുമായി ബന്ധപ്പെട്ട് സുന്നികള്‍ പ്രധാനമായും ആലപിക്കുന്ന മങ്കൂസ് മൌലിദില്‍ വിശ്വാസ വിരുദ്ധമായ കാര്യമുണ്ടെന്നും മുജാഹിദുകള്‍ ആരോപിക്കുന്നുണ്ട്. പ്രാര്‍ത്ഥന ദൈവത്തോട് മാത്രമേ പാടുള്ളൂവെന്നാണ് ഇസ്ലാമിക വിശ്വാസം. പക്ഷെ മൌലിദില്‍ നബിയെ മധ്യവര്‍ത്തിയാക്കി പ്രാര്‍ത്ഥന നടത്തുന്നുവെന്നും ഇതിനാല്‍ തന്നെ അത് ഏകദൈവ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കലാണെന്നും മുജാഹിദുകള്‍ ശക്തിയായി വാദിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുന്നി മുജാഹിദ് വാദപ്രതിവാദങ്ങള്‍ക്ക് ഏറെ കേരളത്തില്‍ നടന്നിട്ടുമുണ്ട്.

പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്ത് ഭൌതികവും അഭൌതിതകവുമായ കാര്യങ്ങള്‍ക്ക് വേണ്ടി അനുയായികള്‍ പ്രവാചകന്‍റെ സമീപത്തെത്തിയിരുന്നുവെന്നും പ്രവാചകനോട് സഹായം ചോദിക്കുകയെന്നാല്‍ പ്രവാചകനെ മുന്‍നിര്‍ത്തി ദൈവത്തോട് ആവശ്യപ്പെടലാണുമെന്നാണ് സുന്നി വിശദീകരണം. വിമര്‍ശിക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ തന്നെ പ്രവാചകന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പ്രവാചക സന്ദേശം നല്‍കുന്ന സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതും ഒരു തരത്തിലുള്ള ആഘോഷങ്ങളാണെന്ന് സുന്നികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതായാലും പരമ്പരാഗത സുന്നികള്‍ നബിദിനം ആഘോഷിക്കുന്നതോടുകൂടിത്തന്നെ കേരളത്തിലെ മുസ്ലിം സംസ്കാരത്തിന്‍റെ ഭാഗമായിമാറിക്കഴിഞ്ഞു നബിദിനം. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ഇതേ ദിവസം പൊതുഅവധി ദിനമായി പ്രഖ്യാപിച്ചതും.