തെഹല്‍ക്കക്ക് പിറകെ മൈ എഫ് എമ്മിലും ലൈംഗികാരോപണം

MY FMതെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയായ മാധ്യമ പ്രവര്‍ത്തകയെ ലൈംഗീകമായി പഡിപ്പിച്ചതിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ മൈ എഫ് എം റേഡിയോയിലും ലൈംഗികാരോപണം. ഉത്തരേന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌ക്കറിന്റെ ഉടമസ്ഥതയിലുള്ള മൈ എഫ് എം റേഡിയോയിലാണ് മാധ്യമ പ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണ മുയര്‍ന്നിരിക്കുന്നത്. മൈ എഫ് എം സിഇഒ ഹരീഷ് ഭാട്ടിയ ലൈംഗീകമായി പീഡിപ്പിച്ചെന്നാരോപിച്ച് മുന്‍ മാധ്യമ പ്രവര്‍ത്തക സാകേത് മഹിളാ കോടതിയില്‍ പരാതി നല്‍കി.

ദേശിയ വനിത കമ്മീഷനും ഡല്‍ഹി ഹൈക്കോടതിയിലും ഹരീഷിനെതിരെ സമാനമായ ആരോപണ മുന്നയിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിക്കു പുറമെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഭാട്ടിയയുമായി ഒന്നിച്ച് പോകേണ്ടി വന്ന സമയങ്ങളില്‍ ഛണ്ഡിഗഡ്, റായ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ വെച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.

സമാനമായ പീഡനം ഭാട്ടിയയില്‍ നിന്നും നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് രാജിവെച്ച രണ്ടു സഹപ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് മാധ്യമ പ്രവര്‍ത്തക പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

17 നഗരങ്ങളിലായി ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മൈ എഫ് എം എന്ന റേഡിയോ സ്‌റ്റേഷന്‍ നടത്തുന്നുണ്ട്.