മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ദില്ലി: മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമന്ത്രി രവശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ചരിത്ര ദിനമാണിതെന്നും ബില്‍ മുസ്ലിം സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ബില്‍ അവതരിപ്പിച്ച ശേഷം അദേഹം പറഞ്ഞു. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളെ കുറിച്ച് ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ മുത്തലാഖ് ബില്ലില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് എം പിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭയെ അറിയിച്ചു. ജയിലില്‍ കഴിയുന്ന ആള്‍ എങ്ങിനെ ജീവനാംശം നല്‍കും. ജീവനാംശം നിര്‍ണയിക്കുന്നതിലും വ്യക്തതവേണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എം പി മാര്‍ പാര്‍ലമെന്റില്‍ ബഹളം വെച്ചത്. ബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആവശ്യം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി.

ആര്‍.ജെ.ഡി ആവശ്യപ്പെട്ടത് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ എന്ന വ്യവസ്ഥ ഒഴിവാക്കണമെന്നായിരുന്നു.