Section

malabari-logo-mobile

മുസ്തഫയുടെ മരണം പോലീസ് ജീപ്പ് തട്ടിയോ? അന്വേഷണം അട്ടിമറിക്കപ്പെടുന്നുവോ?

HIGHLIGHTS : പരപ്പനങ്ങാടി പോലീസ് ജീപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബന്ധുക്കള്‍

പരപ്പനങ്ങാടി പോലീസ് ജീപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബന്ധുക്കള്‍

 

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വാഹനം തട്ടി കഴിഞ്ഞദിവസം മരിച്ച പാലക്കാട് കോട്ടായി സ്വദേശി പുത്തൂര്‍ മുസതഫയുടെ മരണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുടുംബവും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്. സംഭവത്തില്‍ ജ്യുഡീഷ്യല്‍ കമ്മീഷനെ വെച്ച് അന്വേഷണം നടത്തണമെന്ന് മുന്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ യു.കലാനാഥന്‍ മാസ്റ്റര്‍ ആവിശ്യപ്പെട്ടു . പരപ്പനങ്ങാടി എസ്‌ഐ, താനുര്‍ സിഐ എന്നിവരെ സ്ഥലം മാറ്റി അന്വേഷണം നടത്തണമെന്നും അദ്ദേഹവും മുസ്തഫയുടെ കുടുംബവും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവിശ്യപ്പെട്ടു. ഈ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തെണെന്നാവിശ്യപ്പെട്ട് മുസ്തഫയുടെ ഭാര്യയും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയ 11 മണിയോടെയാണ് മുസ്തഫയെ(54)പരപ്പനങ്ങാടി കോടതിക്ക് സമീപം റോഡില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി പോലീസ് ആദ്യം പരപ്പനങ്ങാടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. തൊട്ടടുത്ത ദിവസം മുസ്തഫ മരണപ്പെടുകയും ചെയ്തു.
പോലീസ് വാഹനത്തിന് മുമ്പെ പോയ വാഹനം ഇടിച്ച് പരിക്കേറ്റ് കിടന്ന മുസ്തഫയെ തങ്ങള്‍ ആശുപത്രിയയിലെത്തിക്കുകയായിരുന്നെന്നും, ഇടിച്ച വാഹനം ഏതാണെന്ന് അറിയില്ലെന്നുമാണ് പോലീസ് പറയുന്നത്.

sameeksha-malabarinews

എന്നാല്‍ അപസ്മാര രോഗിയായ തന്റെ ഭര്‍ത്താവ് രോഗം മൂലം റോഡില്‍ വീണതാണെന്നും
പോലീസ് ജീപ്പ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് തങ്ങള്‍ കരുതുന്നതെന്നും ഭാര്യ തറമ്മല്‍ ബേബിയും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നു . അജ്ഞാതവഹാനമിടിച്ചെന്നു പറയുന്ന പോലീസ് ഇതുവരെ ആ വാഹനം ഏതാണെന്ന് ് കണ്ടെത്തിയിട്ടുമില്ലെന്ന് അവര്‍ ആരോപിച്ചു.

അന്ന് രാത്രി റോഡരികില്‍ ഏറെ നേരം കിടന്ന മുസ്തഫയെ നാട്ടുകാര്‍ കാണുകയും റോഡിലേക്ക് ഉരുണ്ട് വന്നോപ്പോള്‍ മാറ്റിക്കിടത്തിയിരുന്നതായും പറയുന്നു. പിന്നീട് വീണ്ടും റോഡിലേക്ക് ഉരുണ്ടുവന്ന ഇയാളുടെ ദേഹത്തേക്ക് പോലീസ് ജീപ്പ് അബദ്ധത്തില്‍ ഇടിക്കുകയായിരുന്നെന്ന് പരിസരത്തുള്ള ചിലര്‍ തങ്ങളോട് പറഞ്ഞതായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അപകടം സംഭവിച്ചതിന് 10 മീറ്റര്‍ സമീപത്തെ എ കെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത് സംശയം വര്‍ദ്ധിപ്പിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ താനൂര്‍ സിഐ ഈ സ്വകാര്യ ആശുപത്രിയില്‍ എത്തിയതും എന്നാല്‍ ബന്ധുക്കള്‍ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ അപകടത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞതും  സംശയത്തിന് ഇടയാക്കുന്നതായും ഇവര്‍ ആരോപിച്ചു.

കെ എല്‍ 01 ബി കെ 6181 പോലീസ് ജീപ്പിന്റെ നാല് വീല്‍കപ്പുകളില്‍ ഒന്ന് കാണാതായതും സംശയം ജനിപ്പിക്കുന്നതായി കലാനാഥന്‍മാസ്റ്റര്‍ പറഞ്ഞു. മുസ്തഫയുടെ ശരീരത്തില്‍ കയറിയിറങ്ങിയത് പോലീസ് ജീപ്പ് തന്നെയാണോയെന്ന് ഉറപ്പ് വരുത്താന്‍ ഈ വാഹനം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്നും കലാനാഥന്‍ മാസ്റ്റര്‍ ആവിശ്യപ്പെട്ടു. പോലീസ് ഉന്നയിക്കുന്ന അജ്ഞാത വാഹനത്തേക്കുറിച്ച് എന്ത് അന്വേഷണമാണ് അഞ്ച് ദിവസം കഴിഞ്ഞിട്ടും നടന്നതെന്ന് സംശയവും ഇവര്‍ ഉയര്‍ത്തി.
വാര്‍ത്താസമ്മേളനത്തില്‍ കലാനാഥന്‍ മാസ്റ്റര്‍ക്കു പുറമെ തറമ്മല്‍ അഷറഫ്, കെ ഷെമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!