കോട്ടക്കലില്‍ എസ്‌ഡിപിഐക്കാര്‍ ലീഗ്‌ പ്രവര്‍ത്തകനെ ആക്രമിച്ചു: നാലു പേര്‍ പിടിയില്‍


sdpi leagueകോട്ടക്കല്‍ :പുത്തൂരില്‍ മുസ്ലീംലീഗ്‌ പ്രവര്‍ത്തകനെ ഒരു സംഘം എസ്‌ഡിപിഐക്കാര്‍ ആക്രമിച്ചു. പൂത്തൂര്‍ പാറക്കോരി സ്വദേശി പറമ്പന്‍ ഹംസ(48)യക്കാണ്‌ മര്‍ദ്ദനമേറ്റത്‌ മര്‍ദിക്കുന്നത്‌ തടയാന്‍ ചെന്ന പുത്തൂര്‍ സ്വദേശികളായ മേലേതില്‍ സക്കീര്‍ ഹൂസൈന്‍(26),കല്ലുടുമ്പന്‍ മൊയ്‌തു(50), എന്നീ ലീഗ്‌ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. മൂവരും ചെങ്കുവെട്ടി സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്‌. വ്യാഴാഴ്‌ച രാവിലെയാണ്‌ സംഭവം നടന്നത്‌

ഒതുക്കുങ്ങലില്‍ ബുധനാഴ്‌ച്ച രാത്രിയില്‍ ഓട്ടോക്ക്‌ സൈഡ്‌ കൊടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ലീഗ്‌,എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒതുക്കുങ്ങല്‍ സ്വദേശികളായ നാലു എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഹംസയെ വഴിയില്‍ തടഞ്ഞ്‌ നിര്‍ത്തി ഇരുമ്പ്‌ വടി കൊണ്ട്‌ മര്‍ദിക്കുകയായിരുന്നു.

ഇവിടെ നി്‌ന്ന്‌ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അക്രമികള്‍ പൊലീസ്‌ പിടിയിലായത്‌. മറ്റത്തൂര്‍ സ്വദേശികളായ ഓടക്കല്‍ മുഹമ്മദ്‌ അബ്ദുറഹ്മാന്‍(36),ഇറയമ്പന്‍ മുഹമ്മദ്‌ ഫൈസല്‍(30),ഒതുക്കുങ്ങല്‍ സ്വദേശികളായ നല്ലാട്ട്‌ ബഷീര്‍(36),പെഴും തറമ്മല്‍ ഷൗക്കത്തലി(38) എന്നിവരെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. അക്രമികള്‍ സഞ്ചരിച്ച കാറും മര്‍ദിക്കാനുപയോഗിച്ച ഇരുമ്പുവടിയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ പറമ്പന്‍ ഹംസയുടെ പരാതിയിലാണ്‌ കോട്ടക്കല്‍ പൊലീസ്‌ ഇവര്‍ക്കെതിരെ കേസെടുത്തത്‌. നാലുപേരെയും മലപ്പുറം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു

എസ്‌ ഐ ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. എഎസ്‌ഐ ദേവദാസന്‍,അയ്യപ്പന്‍,മുജീബ്‌ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. അതേസമയം പരിക്കേറ്റ്‌ ചികില്‍സയില്‍ കഴിയുന്ന മുവരും ചേര്‍ന്ന്‌ തങ്ങളെ മര്‍ദിച്ചെന്നാരോപിച്ച്‌ രണ്ട്‌ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ മലപ്പുറം താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്‌.