മുസ്ലീംലീഗിനെതിരെ സുന്നി സംഘടനകള്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

tanur sunni march copyതാനൂര്‍ : ലീഗ് ഗുണ്ടായിസത്തിനെതിരെ സുന്നി സംഘടനകള്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. താനൂരില്‍ തെരഞ്ഞെടുപ്പ് ദിവസം ചുവരെഴുത്തുമായി ബന്ധപ്പെട്ടാണ് മുസ്ലീം ലീഗും, എപി സുന്നി വിഭാഗവും തമ്മില്‍ സംഘര്‍ഷമുായത്. സുന്നികള്‍ നേരത്തെ ബുക്ക് ചെയ്ത ചുമര്‍ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലീം ലീഗുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ കൊടുത്തെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരിച്ച് തന്നാല്‍ മതിയെന്നുമായിരുന്നു ആവശ്യപ്പെട്ടതെന്നും സുന്നി സംഘടനകള്‍ പറയുന്നു. അതുപ്രകാരം തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ സുന്നികള്‍ ചുമര്‍ എഴുതാന്‍ ചെന്നപ്പോള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെയിന്റ് തലയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതേതുടര്‍ന്ന് ഒരു പ്രവര്‍ത്തകന്റെ കൈ അടിച്ച് പൊട്ടിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പരാതിപ്പെട്ടു. പിന്നീട് പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഇല്ലാത്തതിനെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബ്ലോക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഷന് സമീപത്തു വെച്ച് പോലീസ് തടഞ്ഞു. പ്രകടനം അബൂബക്കര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയാ സെക്രട്ടറി ഇ ജയന്‍, ഐഎന്‍എല്‍ നേതാവ് എടി മുഹമ്മദ് ഷെരീഫ്, എന്‍സിപി നേതാവ് ഹംസു മേപ്പുറത്ത്, സിപിഐ നേതാവ് എപി സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു.