മസ്‌കത്തില്‍ ഇ വിസ സംവിധാനം നിലവില്‍ വന്നു

മസ്‌കത്ത്: രാജ്യത്ത് ഇ വിസ സംവിധാനം നിലവില്‍ വന്നു. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യത്തിനും എത്തുന്നവര്‍ക്കും മറ്റും ഏറെ സഹായകമായിരിക്കും ഈ സംവിധാനം. ഇനി വിസയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മാത്രം മതി. ഓഫീസുകളില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ ഇതോടെ ഇല്ലാതാകും.

www.evisa.rop.gov.om എന്ന വെബ്‌സൈറ്റിലൂടെയാണ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഏതുതരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടര്‍ന്ന് പണവും ഓണ്‍ലൈനായി അടക്കാം. ജിസിസി രാഷ്ട്രങ്ങളില്‍ റെസിഡന്റ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം ഏറെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ സേവനങ്ങളും ഒരൊറ്റ സൈനിങ്ങിലൂടെ ലഭ്യമാക്കുന്നതിനായി കൂടുതല്‍ സേവനങ്ങള്‍ ഇതില്‍ വൈകാതെ ഉള്‍പ്പെടുത്തും.

പരിഷ്‌കരിച്ച ആര്‍.ഒ.പി വെബ്‌സൈറ്റും നിലവില്‍ വന്നു. വിസാ നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കിയത് വിനോദസഞ്ചാര മേഖലക്കായിരിക്കും ഏറെ ഗുണം ചെയ്യുക. ഈ പുതിയമാറ്റം രാജ്യത്തിന്റെ പുരോഗതിക്കുള്ള മുതല്‍കൂട്ടായിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.