മസ്‌കത്തില്‍ നഗരസഭാ പരിധിയില്‍ ഇന്നുമുതല്‍ പുതുക്കിയ പാര്‍ക്കിങ് നിരക്ക് നിലവില്‍ വരുന്നു

Story dated:Sunday October 16th, 2016,04 56:pm

downloadമസ്‌കത്ത്: നഗരസഭക്ക് കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് ഇന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരുന്നു. പാര്‍ക്കിങ് നിരക്കുകള്‍ ഇരട്ടിയായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ നേരത്തേക്ക് 100 ബൈസയാണ് മുന്‍സിപ്പാലിറ്റി ഈടാക്കിയിരുന്നത്. 50 ബൈസക്ക് അര മണിക്കൂര്‍ പാര്‍ക്കിങ് ലഭിച്ചിരുന്നു. ഇന്നു മുതല്‍ ഒരു മണിക്കൂര്‍ പാര്‍ക്കിങിന് 200 ബൈസയണ് നിരക്ക്.

ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ക്കിങ് യന്ത്രങ്ങളില്‍ നവീകരണം നടത്തിക്കഴിഞ്ഞു. പലയിടത്തും പാര്‍ക്കിങ് യന്ത്രങ്ങളും സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. പാര്‍ക്കിങ് നിയമലംഘനത്തിനുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അടുത്ത പാര്‍ക്കിങ് ഏരിയയിലേക്ക് കടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പാര്‍ക്ക് ചെയ്യണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലത്ത് വാഹനമിട്ടാല്‍ 20 റിയാലാണ് അടക്കേണ്ടിവരുക. ആംബുലന്‍സിന് നിശ്ചയിച്ച മേഖലയിലെ പാര്‍ക്കിങ്ങിന് 100 റിയാലും പരസ്യ ആവശ്യാര്‍ഥം ‘വില്‍പനക്ക്’ എന്ന പരസ്യം എഴുതി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ 500 റിയാലും പിഴ നല്‍കേണ്ടിവരും. എന്നാല്‍, ആംബുലന്‍സ്, പൊലീസ് വാഹനങ്ങള്‍, മുനിസിപ്പാലിറ്റി വാഹനങ്ങള്‍, മുനിസിപ്പാലിറ്റി അംഗീകരിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയെ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരുമാസത്തേക്ക് ഒന്നിച്ച് സ്ഥലം ബുക്ക് ചെയ്യുന്നവര്‍ 50 റിയാല്‍ നല്‍കണം.
പ്രൈവറ്റ് പാര്‍ക്കിങ് പെര്‍മിറ്റിനാകട്ടെ 15 റിയാല്‍ ആയിരിക്കും ഈടാക്കുക. ഇന്ധനവില വര്‍ധനക്കൊപ്പം പാര്‍ക്കിങ് ഫീസും വര്‍ധിച്ചത് വാഹനമുടമകള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.