മൂന്നാറില്‍ ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്‍വാങ്ങി

Story dated:Friday April 28th, 2017,10 55:am

മൂന്നാര്‍: മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നടത്തിയ നിരാഹാര സമരത്തില്‍ നിന്നും ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. ആം ആദ്മി പാർട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ എഎപി നേതൃത്വം തീരുമാനിച്ചത്.

പൊമ്പിളൈ ഒരുമൈക്ക് പിന്നില്‍ ആം ആദ്മിയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എഎപി നിരാഹാരം ഇരിക്കേണ്ടെന്ന് ഗോമതി നിലപാടെടുത്തത്. ഇതേത്തുടര്‍ന്ന് പൊമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ ഇന്നലെ രാത്രി സംഘര്‍ഷം ഉടലെടുത്തിരുന്നു.

സംഘര്‍ഷത്തിനിടെ സമരപ്പന്തല്‍ പൊളിച്ചു നീക്കാനും ശ്രമം നടന്നിരുന്നു. പന്തലിനുള്ളിലേയ്ക്ക് ഒരുസംഘം ആളുകള്‍ തള്ളിക്കയറുകയായിരുന്നു. ഇതിനിടെയാണ് പന്തലുടമ അടക്കം പന്തല്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചത്. അതേസമയം പന്തല്‍ പൊളിയ്ക്കാന്‍ ശ്രമിച്ചത്സിപിഐഎം കാരാണെന്ന് ഗോമതി ആരോപിച്ചു.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി നേരിട്ടെത്തി മാപ്പു പറയണമെന്നും, രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് എക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ചയാണ് എഎപി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ നിരാഹാര സത്യഗ്രഹം തുടങ്ങിയത്.