തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം; മുഖ്യമന്ത്രി; എസ്‌ രാജേന്ദ്രന്‍ എംഎല്‍എ നിരാഹാരം ആരംഭിച്ചു

munna-tea-plantation strike copyമൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം എട്ടാം ദിവസത്തിലേക്ക്‌ കടന്നു. തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യയമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്‌ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴില്ലെന്നും ആവശ്യമെങ്കില്‍ താന്‍ നേരിട്ട്‌ പ്രശ്‌നത്തില്‍ ഇടപെടുമെന്നും അദേഹം പറഞ്ഞു. കെ ഡി എച്ച്‌ പി കമ്പനി അധികൃതരുമായി നാളെ എറണാകുളത്ത്‌ വെച്ച്‌ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കമ്പനി വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറാകണം. പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദേഹം പറഞ്ഞു.

എന്നാല്‍ മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ എസ്‌ രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം ആരംഭിച്ചു. സിപിഐഎം തീരുമാനപ്രകാരമാണ്‌ നിരാഹാരസമരം ആരംഭിച്ചത്‌. തൊഴിലാളികള്‍ക്ക്‌ നീതി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ടായിരിക്കും നിരാഹാര സമരമെന്ന്‌ എസ്‌ രാജേനദ്രന്‍ എംഎല്‍എ പറഞ്ഞു.

സമരം ചെയ്യുന്ന തൊഴിലാളി സ്‌ത്രീകള്‍ മൂന്നാറിലെത്തിയ എസ്‌ രാജേന്ദ്രന്‍ എംഎല്‍എ വിരട്ടിയോടിച്ചിരുന്നു. സമരം ചെയ്യുന്ന തൊഴിലാളി സ്‌ത്രീകള്‍ക്ക്‌ തീവ്രവാദ സംഘടകളുമായി ബന്ധമുണ്ടെന്ന്‌ എസ്‌ രാജേന്ദ്രന്‍ എംഎല്‍എ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

സമരമുഖത്ത്‌ ആയിരക്കണക്കിന്‌ സ്‌ത്രീകളാണുളളത്‌. അടിയന്തിരമായി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്‌ഠിക്കുമെന്ന്‌ തൊഴിലാളികള്‍ മുന്നറിയിപ്പ്‌ നല്‍കി. പ്രിതിദിനശബ്‌ളം 500 രൂപയായി ഉയര്‍ത്തണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. യൂണിയനുകളെ ഒഴിവാക്കി തൊഴിലാളികള്‍ ഒന്നു ചേര്‍ന്നാണ്‌ സമരം ചെയ്യുന്നത്‌.