അഴിഞ്ഞ മുണ്ട് ഉടുക്കാനറിയാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ എന്തു ചെയ്യും; ബാലകൃഷ്ണപിള്ള

Balakrishna_Pillai_801740fകൊല്ലം : നടനും ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റിനെ കളിയാക്കി കേരളാ കോണ്‍ഗ്രസ്സ് ബി നേതാവ് ബാലകൃഷ്ണപിള്ള. മുണ്ടഴിഞ്ഞാല്‍ അത് ഉടുക്കാനറിയാത്ത ആളാണ് ഇന്നസെന്റെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. പിന്നെയാണോ അദ്ദേഹം പാര്‍ലമെന്റില്‍ പോകുന്നത് എന്നാണ് പിള്ളയുടെ ചോദ്യം.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒന്നരമാസം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇന്നസെന്റ് തീരുമാനിച്ചിട്ടുണ്ടെത്രെ. എന്നാല്‍ അത് വേണ്ടെന്നും ചാലക്കുടിയില്‍ പിസി ചാക്കോ സേവനം നടത്തികൊള്ളുമെന്നും പിള്ള പറഞ്ഞു. പാര്‍ലമെന്റില്‍ വന്ന് വല്ലതും പറയാന്‍ ഇന്നസെന്റിന് കഴിയുമോ എന്നും അവിടെ മുണ്ടും ബനിയനും ഊരി അഭിനയിക്കാന്‍ പറ്റില്ലല്ലോ എന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. മുമ്പ് സ്ഥാനാര്‍ത്ഥിത്വം വേണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചയാളാണ് ഇന്നസെന്റ് എന്നും ബാലകൃഷ്ണപ്പിള്ള കൂട്ടിച്ചേര്‍ത്തു.

ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് സിപിഐഎമ്മില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെ പിറകെയാണ് ബാലകൃഷ്ണപ്പിള്ളയുടെ ഈ വിമര്‍ശനവും.