മുംബൈയില്‍ മാംസ ഭക്ഷണ നിരോധനത്തിന്‌ ഹൈക്കോടതി സ്‌റ്റേ

t440x300മുംബൈ: മുംബൈയില്‍ ജൈനമതക്കാരുടെ ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ മാംസഭക്ഷണം നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിക്ക്‌ ഹൈക്കോടതിയുടെ സ്‌റ്റേ. ഈ മാസം 17 ന്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനമാണ്‌ മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയതത്‌.

മാംസ വില്‍പനയ്‌ക്ക്‌ മാത്രമാണ്‌ കോടതി അനുമതി നല്‍കിയിരിക്കുന്നത്‌. അന്നേ ദിവസം കശാപ്പിന്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അറവുശാലകള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലും ഇടപെടാനാവില്ലെന്ന്‌ കോടതി വ്യക്തമാക്കി.

2004 ലും രണ്ട്‌ ദിവസത്തേക്ക്‌ മാംസം നിരോധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും നിരോധനം കര്‍ശനമായി നടപ്പാക്കിയിരുന്നില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

അതെസമയം മാംസത്തിന്‌ മാത്രം നിരോധനം ഏര്‍പ്പെടുത്തിയത്‌ എന്താണെന്നും , മുട്ട, മത്സ്യം തുടങ്ങിയവയ്‌ക്ക്‌ നിരോധനം ബാധകമാക്കാത്തത്‌ എന്താണെന്നും നേരത്തെ കോടതി ചോദിച്ചിരുന്നു. മത്സ്യത്തെ വെള്ളത്തില്‍ നിന്നും മാറ്റുന്ന അവസരത്തില്‍ തന്നെ അത്‌ ചത്തുപോകുമെന്നും കശാപ്പ്‌ വേണ്ടാത്തതിനാലാണ്‌ നിരോധിക്കാത്തത്‌ എന്നുമായിരുന്നു ഹൈക്കോടതിയില്‍ ബിജെപി സര്‍ക്കാറിന്റെ നിലപാട്‌.