മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് തുടങ്ങി: റായിഡു

289644-289577-ambati-rayudu-odi-hpy-700മുംബൈ: ഐ പി എല്ലിവന്റെ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് തുടങ്ങിക്കഴിഞ്ഞെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ ശേഷമാണ് റായിഡു ഇത് പറഞ്ഞത്. 27 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം റായിഡു 53 റണ്‍സെടുത്തു. തുടര്‍ച്ചയായ നാല് കളികള്‍ തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് എട്ടാം സീസണ് തുടക്കമിട്ടത്.

എട്ട് കളികളില്‍ നിന്നും മൂന്ന് വിജയത്തോടെ 6 പോയിന്റുകളാണ് മുംബൈയ്ക്ക് ഉള്ളത്. ആറ് കളികള്‍ കൂടി സീസണില്‍ ബാക്കിയുണ്ട്. നിലവില്‍ ഏഴാം സ്ഥാനത്താണ് മുംബൈ. 4 പോയിന്റുകള്‍ മാത്രമുള്ള പഞ്ചാബ് കിംഗ്‌സ് ഇലവനാണ് പട്ടികയില്‍ ഏറ്റവും അവസാനം. 8 കളിയില്‍ 12 പോയിന്റുള്ള ചെന്നൈ ഒന്നാമതും 10 കളിയില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ രണ്ടാമതുമാണ്.

മൂന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് 9ഉം നാലാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് എട്ടും പോയിന്റുകളാണ് ഉള്ളത്. മുംബൈയുടെ അടുത്ത കളി ഞായറാഴ്ച പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ ആണ്. മികച്ച റണ്‍റേറ്റോടെ ഈ കളി ജയിച്ചാല്‍ മുംബൈയ്ക്ക് പട്ടികയില്‍ കുറച്ചുകൂടി മുന്നിലേക്ക് കയറാം. കഴിഞ്ഞ സീസണില്‍ ആദ്യത്തെ 5 കളികള്‍ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് വരെ എത്തിയിരുന്നു.