ചരിത്രം ഈ കര്‍ഷകവിജയം

മുംബൈ:  ചരിത്രത്തില്‍ ഇടം പിടിച്ച കര്‍ഷകമുന്നേറ്റത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമരക്കാരുടെ എല്ലാ ആവിശ്യങ്ങളും അംഗീകരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ആറ് ദിവസത്തെ ഐതിഹാസികമായ ലോങ്ങ് മാര്‍ച്ചിനൊടുവില്‍ മുംബൈയിലെത്തിയ പതിനായിരക്കണക്കിന് കര്‍ഷകരുടെ പോരാട്ടവീര്യത്തിന് മുന്നില്‍ മഹാരഷട്ര സര്‍ക്കാര്‍ അടിയറവ് പറയുകയായിരുന്നു.

അഖിലേന്ത്യ കിസാന്‍ സഭ നടത്തിയ ഈ സമരത്തിന്റെ ഭാഗമായി സക്രട്ടറിയേറ്റ് വളയുമെന്ന് പ്രഖ്യപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതോടെ പ്രക്ഷോഭകര്‍ ആസാദ് മൈതാനിയില്‍ തങ്ങുകയുമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, സംസ്ഥാന പ്രസിഡന്റ് ഡോ. അജിദ് നാവ്വെ സിപിഐഎം എംഎല്‍എ ജെപി ഗാവിദ് എന്നിവരുമായ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കിസാന്‍ സഭ ഉന്നയിച്ച ആവിശ്യങ്ങള്‍അംഗീകരിച്ചത്.

2017 ജൂൺ 30 വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്നും വനാവകാശനിയമം ആറുമാസത്തിനകം നടപ്പാക്കുമെന്നും
ഉറപ്പുലഭിച്ചു. മിനിമം താങ്ങുവില നിശ്ചയിക്കുന്നത് കിസാൻസഭ നേതാക്കളുടെ പങ്കാളിത്തത്തോടെയായിരിക്കും.

വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, സർക്കാർ പദ്ധതികൾക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതനഷ്ടപരിഹാരം നൽകൽ എന്നീ ആവശ്യങ്ങളും അംഗീകരിച്ചു. വിളനാശത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് കാത്തുനിൽക്കില്ലെന്നും ഉറപ്പുനൽകി.