മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

mother teresaവത്തിക്കാന്‍ സിറ്റി : മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം പകല്‍ രണ്ടിന് ആരംഭിച്ച ചടങ്ങിലാണ് മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

ബസിലിക്കയുടെ മുന്നില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന കുര്‍ബാനയ്ക്കൊപ്പമാണ് വിശുദ്ധപ്രഖ്യാപനം. സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത (കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ) എന്ന പേരിലാകും ഇനി മദര്‍ അറിയപ്പെടുക. പ്രത്യേകം തയാറാക്കിയ പ്രവേശന ഗാനത്തോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്. അര്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ പ്രാര്‍ഥന നടന്നു.

വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് പതിനായിരക്കണക്കിന് ആളുകളാണ് വത്തിക്കാന്‍ സിറ്റിയില്‍ വീക്ഷിച്ചത്. വിദേശമന്ത്രി സുഷ്മ സ്വരാജ്, മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചു.