അമ്മയെ മകള്‍ക്കും മകനും വേണ്ട; കുഞ്ഞമ്മ ഇനി വൃദ്ധസദനത്തില്‍

parappananagdi copyവള്ളിക്കുന്ന്‌ : നൊന്തുപെറ്റ മക്കള്‍ കയ്യൊഴിഞ്ഞതോടെ ആശ്രയം അറ്റ കുഞ്ഞമ്മയെ വൃദ്ധസദനത്തിലേക്ക്‌ മാറ്റി. അരിയല്ലൂര്‍ ജി യു പി എസ്‌ സ്‌കൂളിന്‌ സമീപം പരേതനായ നമ്പ്യാരുവീട്ടില്‍ കറപ്പന്‍കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (75) യെയാണ്‌ പോലീസും കോടതിയും ഇടപെട്ടതിനെ തുടര്‍ന്ന്‌ തവനൂര്‍ വൃദ്ധസദനത്തിലേക്ക്‌ മാറ്റിയിരിക്കുന്നത്‌. കുഞ്ഞമ്മയെ മക്കള്‍ സംരക്ഷിക്കില്ലെന്ന്‌ ഉറപ്പിച്ചു പറഞ്ഞതോടെയാണ്‌ സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗം ശോഭാ പ്രഭാകരന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അരിയല്ലൂര്‍ വില്ലേജ്‌ പ്രസിഡന്റ്‌ ഒ സുജാത, സെക്രട്ടറി എന്‍ സുജാത, കുഞ്ഞമ്മയ്‌ക്ക്‌ ഭക്ഷണം നല്‍കിയിരുന്ന അയല്‍ക്കാരി ആര്‍ മായയും പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്‌. ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍ വേണു ഗോപാലുമെത്തി.

പരപ്പനങ്ങാടി എസ്‌ഐ ഇ ജെ ജയന്‍ മകളെയും മകനെയും പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിച്ചു വുത്തി. എന്നാല്‍ ഇരുവരും അമ്മയെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതിനിടെ ചില സാമൂഹിക പ്രവര്‍ത്തകര്‍ കുഞ്ഞമ്മയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പോലീസ്‌ സ്‌റ്റേഷനില്‍ വെച്ച്‌ കുഞ്ഞമ്മയെ തവനൂര്‍ വൃദ്ധസദനത്തിലേക്ക്‌ മാറ്റാന്‍ അവസാനം തീരുമാനിച്ചു.

അതിനിടെ പരപ്പനങ്ങാടി കോടതിയിലെ അദാലത്തിലേക്ക്‌ ശോഭാപ്രഭാകരന്‍ പരാതി നല്‍കി . ഇത്‌ പരിഗണിച്ച മജിസ്‌ട്രേറ്റ്‌ മകളെയും മകനെയും കോടതിയിലേക്ക്‌ വിളിച്ചുവരുത്തി സംരക്ഷക്കുമോയെന്നാരാഞ്ഞെങ്കിലും ഇവര്‍ക്ക്‌ യാതൊരു മാനം മാറ്റവും ഉണ്ടായിരുന്നില്ല. ഇതെ തുടര്‍ന്നാണ്‌ മജിസ്‌ട്രേറ്റും കുഞ്ഞമ്മയെ വൃദ്ധസദനത്തിലേക്ക്‌ മാറ്റാന്‍ നിര്‍ദേശിച്ചത്‌. കുഞ്ഞമ്മയുടെ സംരക്ഷണത്തിനായുള്ള ചെലവ്‌ മക്കളില്‍ നിന്ന്‌ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആര്‍ഡിഒയ്‌ക്ക്‌ നിര്‍ദേശം നല്‍കുമെന്നും മജ്‌സ്‌ട്രേിറ്റ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.