സദാചാര ആക്രമണം: മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു, നാലുപേര്‍ പിടിയല്‍

Untitled-1 copyപാലക്കാട്: ചെര്‍പ്പുളശേരിക്കടുത്ത് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘമാളുകള്‍ നടത്തിയ ആക്രമണത്തില്‍ കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെര്‍പുളശ്ശേരിക്കടുത്ത് കൊലുക്കല്ലൂരിലാണ് സംഭവം. ചെര്‍പുളശ്ശേരി മുളയന്‍കാവ് സ്വദേശി പ്രഭാകരന്‍ (55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ  രാത്രിയാണ് സംഭവം. സമീപവാസിയായ ഒരു സ്ത്രീയ്‌ക്കൊപ്പം കണ്ടു എന്ന് ആക്ഷേപിച്ച് 15 അംഗ സംഘം പ്രഭാകരനെ പിടികൂടി ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.

ഇയാളെ പിടികൂടി വലിച്ചിഴച്ച് സ്ത്രീയുടെ വീടിനടുത്ത് കൊണ്ടുപോയി. അവിടെ വെച്ചും മര്‍ദ്ദിച്ചു എന്നാണ് അറിയുന്നത്. സ്ത്രീയുടെ വീടിന് അടുത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികള്‍ തന്നെയാണ് അറസ്റ്റലായിരിക്കുന്നത്.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സദാചാര ഗുണ്ടാ ആക്രമണമാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ചെര്‍പ്പുളശ്ശേരി സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അക്രമം നടത്തിയ സംഘത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന ചിലരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.