പരപ്പനങ്ങാടിയിലെ മോറല്‍ പോലീസിംങ്; രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു

പരപ്പനങ്ങാടിയില്‍ കേരളസ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷാപ്പില്‍ ക്യൂനിന്ന് മദ്യം വാങ്ങിയെന്ന് ആരോപിച്ച് സദാചാരപോലീസിന്റെ ആക്രമണത്തിന് ഇരയായ സ്ത്രീയുടെ അനുഭവം കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സദാചാരപോലീസിന്റെ വിചാരണയുടെ തുടര്‍ച്ച തന്നെയാണ്. കൊടിയത്തുരിനും കൊയിലാണ്ടിക്കും പിന്നാലെ പരപ്പനങ്ങാടിയിലും സംഭവിക്കുന്നത് കേവലം യാദൃശ്ചികമല്ല എന്നും ഇതിന് പിന്നില്‍ ഒരു പൊളിറ്റിക്കല്‍ ഹിഡണ്‍ അജണ്ടയുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു.

 

മോറല്‍ പോലീസിംങ് അനുവദിക്കില്ല; കെ. അജിത.
സ്ത്രീയുടെ അനുവാദമില്ലാതെയാണ് ഭര്‍ത്താവ് അവരെ മദ്യഷാപ്പിലെ ക്യൂവില്‍ നിര്‍ത്തിയെങ്കില്‍ അതുതന്നെ സ്ത്രീ പീഢനമാണ്. അതിനുശേഷം സ്ത്രീയെയും ഭര്‍ത്താവിനെയും സദാചാരപോലീസ് ചമഞ്ഞ് നിയമം കയ്യിലെടുത്ത് ക്രൂരമായി മര്‍ദ്ധിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല.
മാധ്യമങ്ങളില്‍ ഈ വിഷയം ഇത്രയൊക്കെ ചര്‍ച്ചയായിട്ടും പോലീസ് ഈ കാര്യത്തില്‍ സ്വമേധയാ കേസെടുക്കാത്തത് അതീവഗുരുതരമായ അവസ്ഥയാണ്. പോലീസും കോടതിയും രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക സംഘടനകളും ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണം.
കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധമായ ഈ മോറല്‍ പോലീസിംങ്ങില്‍ ഏതെങ്കിലും സംഘടനയ്ക്ക് ബന്ധമുണ്ടെങ്കില്‍   പൊതുസമൂഹം അവര്‍ക്ക് ‘സാമൂഹ്യഭ്രഷ്ട്’ കല്‍പ്പിക്കണം.

 

പരപ്പനങ്ങാടിയില്‍ സംഭവിച്ചത് ജനാധിപത്യവിരുദ്ധം; കെഇഎന്‍

മദ്യം സാമൂഹ്യമായി തിന്‍മയാണെങ്കില്‍ പോലും അതിനെതിരെ സാമൂഹ്യമായി ആശയപ്രചരണം നടത്തുന്നതിനപ്പുറം കായിക ഇടപെടല്‍ നടത്താന്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അവകാശമില്ല. ആ അര്‍ത്ഥത്തില്‍ പരപ്പനങ്ങാടിയില്‍ സംഭവിച്ചത് ജനാധിപത്യവിരുദ്ധമാണ്.
നിയമപരമായി അനുവദനീയവും സാംസ്‌കാരികപരമായി അംഗീകരിക്കാന്‍ ചില വിഭാഗങ്ങള്‍ക്ക് പ്രയാസവുമുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് നിയമപരമായി സമരങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ്. അത് ചെയ്യാതെ നിയമപരമായി നില്‍ക്കുന്ന ഒരു കാര്യത്തെ ആയുധപരമായി ആക്രമിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നു.
സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത് ആശയപ്രചരണത്തിന്റെയും, സാമൂഹ്യബോധവല്‍കരണത്തിന്റെയും ക്ലേശകരമായ വഴിയാണ്. അല്ലാതെ കുറുക്കവഴിയിലൂടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ തെറ്റായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ട് പോലീസും രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹ്യ സംഘടനകള്‍ ഗൗരവമായി ഈ വിഷയങ്ങളെ സമീപിച്ച് ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെ ഗൗരവമായി കണ്ട് ഈ വിഷയത്തില്‍ ഇടപ്പെടേണ്ടതാണ്.

 

 

സ്ത്രീകളെ മാത്രം തെറ്റുകാരായി ചിത്രീകരിച്ച് ക്രൂരമായി വിചാരണ ചെയ്യുന്നു;ഡോഖദീജ 

മുംതാസ്;

 

ഇന്നലെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ വളരെ പ്രയാസം തോന്നി. പുരുഷന്‍മാര്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയും അസാന്‍മാര്‍ഗ്ഗികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനെ തെറ്റായി കാണാതിരിക്കുകയും അത് സ്ത്രീ ചെയ്യുമ്പോള്‍ മാത്രം തെറ്റായി കാണുകയും ചെയ്യുന്ന സമൂഹത്തിന്റെ വൈരുദ്ധ്യമാണ് ഈ വിഷയത്തിലും ദൃശ്യമാവുന്നത്. മദ്യശാലകളിലെ പുരുഷന്‍മാരുടെ നീണ്ടക്യൂവിനെ അംഗീകരിക്കുന്ന സമൂഹം നിസ്സഹായയായി ഈ ക്യൂവില്‍ നില്‍ക്കേണ്ടിവന്ന സ്ത്രീയെ തെറ്റുകാരിയായി ചിത്രീകരിക്കുകയും ക്രൂരമായി വിചാരണ ചെയ്യുകയും ചെയ്യുന്നു. ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.

 

മദ്യം വിറ്റ് നികുതി വാങ്ങി നാടുഭരിക്കുന്നത് ശരിയാണെങ്കില്‍ സ്ത്രീ ക്യൂനില്‍ക്കുന്നതും ശരിയായിരിക്കും; എംഎന്‍ കാരശ്ശേരി

 

മദ്യവില്‍പ്പനശാലയുടെ മുന്‍പില്‍ വരിനില്‍ക്കുവാന്‍ ഈ നാട്ടില്‍ പുരുഷനവകാശമുണ്ടെങ്കില്‍ സ്ത്രീക്കും അവകാശമുണ്ട്. മദ്യം വിറ്റ് ലാഭം ഉണ്ടാക്കുന്നതും അതിന് നികുതി വാങ്ങി നാടുഭരിക്കുന്നതും ശരിയാണെങ്കില്‍ സ്ത്രീ മദ്യത്തിനുവേണ്ടി ക്യൂ നില്‍ക്കുന്നതും ശരിയായിരിക്കും.
ആണുങ്ങള്‍ മദ്യം കഴിക്കുന്നത് ശരിയും പെണ്ണുങ്ങള്‍ മദ്യം കഴിക്കുന്നത് തെറ്റും എന്നുവരാന്‍ പാടില്ല. മതേതര ജനാധിപത്യസമൂഹത്തില്‍ ആണും പെണ്ണും തുലര്യരാണ്. മദ്യവില്‍പനശാലയുടെ മുമ്പില്‍ ഒരു സ്ത്രീ വരിനില്‍ക്കുന്നത് ഒരു പൗരാവകാശപ്രശ്‌നമാണ്. സ്ത്രീക്ക് അതിനവകാശമുണ്ട്.

 

മതനിയമങ്ങള്‍ ആദ്യം പാലിക്കേണ്ടത് പുരുഷന്‍മാര്‍; ഡോ.ഷംസാദ് ഹുസൈന്‍.

സാധാരണ ഇത്തരത്തിലൊരു കേസില്‍ ഇവര്‍ മദ്യം വാങ്ങാനെത്തിയത് ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും കുഞ്ഞിപോക്കറെന്ന നാട്ടുകാരനെകുറിച്ച് അറിയാവുന്ന വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഈ സ്ത്രീ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയയായിരിക്കാനിടയുണ്ട്. തീരെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ക്യൂ നില്‍ക്കേണ്ടി വരിക. അതിനുശേഷം ഉണ്ടായ കലഹത്തില്‍ അവള്‍ മുഖ്യപ്രതിയാകുന്ന അവസ്ഥ. മറ്റൊരു പ്രശ്‌നം കൂടി ഇതില്‍ ഏറെ കുറ്റകരമായി ഇവരെ പിടികൂടിയ ജനം കാണുന്നു. അവള്‍ മുസ്ലീം സ്ത്രീയാണെന്നത്. മര്‍്ദ്ദനം നടത്തിയവര്‍ക്ക്‌ അവിടുത്തെ നീണ്ടനിരയിലെ ആണുങ്ങളുടെ ‘മുസ്ലീം’ പൗരത്വം പ്രശ്‌നമാകാതിരിക്കുമ്പോള്‍ അത് സ്ത്രീചെയ്യുമ്പോള്‍ മാത്രമെങ്ങനെയാണ് സമുദായത്തിന് മാനഹാനിയുണ്ടാക്കുന്നത്.

മതത്തിന്റെ ചിട്ടകളെ മറികടന്ന് പുരുഷന് മദ്യം വാങ്ങാനും കുടിക്കാനും അധികാരമുണ്ടെങ്കില്‍ എന്തിന്റെ പേരിലാണ് സ്ത്രി മദ്യഷാപ്പിലെത്തുന്നതിനെ ഈ ‘സമുദായസ്‌നേഹികള്‍’ തടയുന്നത്? മുസ്ലീം സമുദായത്തിന്റെ പ്രചാരകരായും അതിന്റെ പേരില്‍ പൊതുമണ്ഡലത്തില്‍ അവകാശങ്ങളുന്നയിക്കുകയും ചെയ്യുന്ന മുസ്ലീം പുരുഷന്‍മാരാണ്  മതനിയമങ്ങളെ ആദ്യം പാലിക്കേണ്ടത്. അതായത് സ്ത്രീയെ സംബന്ധിച്ച് മുസ്ലീമായതിന്റെ പേരില്‍ മാത്രം മദ്യം വാങ്ങാന്‍ വരുന്നതിനെ തടയാനോ അതിന്റെ പേരില്‍ മര്‍ദ്ദിക്കാനോ അവര്‍ക്കവകാശമില്ല.

 

ജനങ്ങളുടേത് സ്വാഭാവിക പ്രതികരണം; ഹമീദ് ( SDPI മലപ്പുറം ജില്ലാ കമ്മറ്റി അംഗം)

പരപ്പനങ്ങാടി: ഭര്‍ത്താവിന്റെ ഭീഷണിയെ തുടര്‍ന്ന് മദ്യവില്പന കേന്ദ്രത്തില്‍ ക്യൂ നിന്ന സംഭവം കൈയേറ്റത്തിലേക്ക് കലാശിച്ചത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണം .ഇത്‌ വഴിതിരിച്ച് വിടാനുള്ള നീക്കം ആസൂത്രിതമാണ്. നാട്ടില്‍ സമൂഹത്തില്‍ കാണാത്ത പ്രവണതകള്‍ കാണുമ്പോള്‍ പ്രതികരിക്കാത്തവനും പ്രതികരിക്കും. ഇന്നലെ സര്‍ക്കാര്‍ മദ്യവില്പന കേന്ദ്രത്തില്‍ ക്യുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട യുവതിയെ ആദ്യം തടഞ്ഞത് സംഭവസ്ഥലത്ത  കൂടിയന്‍മാരായിരുന്നു. പിന്നീട് നാട്ടുകാര്‍ ദമ്പതികളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ സംഭവം തെറ്റായി സദാചര പോലീസ് എന്നതാക്കി പര്‍വതീകരിക്കാനുള്ള നീക്കം തിരിച്ചറിയണം.

 

താലിബാനിസം നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ല; ടി സത്യന്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി

ജില്ലയില്‍ സദാചാര പോലീസ് ചമഞ്ഞ് താലിബാനിസം നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ല .പരപ്പനങ്ങാടിയില്‍ സദാചാര പോലീസ് ചമഞ്ഞ ചിലര്‍ യുവതിയേയും, ഭര്‍ത്താവിനേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സദാചാര പോലീസ് പ്രവര്‍ത്തനം വര്‍ധിച്ചു വരികയാണ്. ജില്ലയില്‍ സദാചാര പോലീസ് ചമയുന്ന നാലാമെത്ത സംഭവമാണിത്. നീതിയും, നിയമവുമുള്ള മതേതര രാജ്യമാണ് നമ്മുടെ നാട്. ഇത് അംഗീകരിക്കാത്ത ചിലര്‍ മതത്തിന്റെ മറവില്‍ സദാചാര പോലീസ് ചമയുകയാണ്. ഇതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ പട്ടാപകല്‍ യുവതിക്ക് നേരേയുണ്ടായ ആക്രമണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് ജാഗ്രത പാലിക്കണം. മതഭരണം നടത്തി താലിബാനിസം നടപ്പാക്കാന്‍ സദാചാര പോലീസുകാര്‍ ശ്രമിച്ചാല്‍ അത് ജില്ലയില്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറി ടി സത്യന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

 

മോറല്‍പോലീസിങിന്റെ പിന്നില്‍ ചില സംഘടനകളുടെ ഹിഡന്‍ അജണ്ട;  ടി.വി ഇബ്രാഹിം (മുസ്ലീം ലീഗ് ജില്ലാ സക്രട്ടറി)

പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസം ബിവറേജ് ഷാപ്പിനടുത്ത് ഭാര്യയും ഭര്‍ത്താവും ആക്രമിക്കപ്പെട്ട സംഭവം ഗുരുതരമായ നിയമലംഘനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏത് സംഘടനയുടെ പേരിലായാലും അല്ലെങ്കിലും മോറല്‍ പോലീസ് ചമഞ്ഞ് നിയമം കൈയ്യില്‍ എടുക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കപ്പെടാവുന്നതല്ല.
സാംസ്‌കാരിക അന്തരീക്ഷത്തെ മലിനപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതും നല്ലതല്ല. എന്നാല്‍ ഏതു മതത്തില്‍പ്പെട്ട സ്ത്രീയായാലും മദ്യം വാങ്ങാന്‍ എത്തിയ ഭര്‍ത്താവുമൊത്ത് നിന്നു എന്നത് സാംസ്‌കാരിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നതുമല്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ മോറല്‍ പോലീസ് ചമഞ്ഞ് ഇടപെടുന്നതില്‍ ഒരു രാഷ്ട്രീയ ഹിഡന്‍ അജണ്ടയുണ്ട് എന്നാണ് മുസ്ലീം ലീഗ് വിശ്വസിക്കുന്നത്. പോലീസ് ഇത്തരം കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. പ്രശ്‌നങ്ങളോടുള്ള പോലീസിന്റെ ഇത്തരം സമീപനം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരണം അല്ലാത്ത പക്ഷം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയേ ഉള്ളൂ.

 

സദാചാരപോലീസ് നാട്ടിനാപത്ത് ; യു.കലാനാഥന്‍.

മദ്യം വാങ്ങാന്‍  അംഗീകൃതമദ്യഷാപ്പില്‍ ക്യൂനില്‍ക്കാന്‍ ഇന്ത്യയിലെ ഒരു നിയമവും തടസ്സമല്ല. സദാചാര പോലീസെന്ന ജനത്തിന്റെ അധികാരദുരുപയോഗമാണ് ഇതിലെ പ്രധാന പ്രശ്‌നം. ഭര്‍ത്താവിന്റെ നിര്‍ബന്ധത്താലാണ് സ്ത്രീ മദ്യം വാങ്ങാനൊരുങ്ങിയത്  അവള്‍ കുറ്റവാളി പോലുമല്ല. സ്ത്രീ ചെയ്തത് കുറ്റമെങ്കില്‍ അതേ കുറ്റം ചെയ്യുന്ന പുരുഷന്‍മാരെ, സദാചാരപോലീസ് കാണാത്തതെന്തുകൊണ്ട?

സദാചാരപോലീസിന് നേതൃത്വം നല്‍കിയത് മതതീവ്രവാദികളായ എന്‍ഡിഎഫ്-കാരാണെന്നാണറിഞ്ഞത്. ‘മുസ്ലീം സ്ത്രീ’ മദ്യഷാപ്പില്‍ ക്യൂനില്‍ക്കുന്നതവര്‍ക്ക് സഹിച്ചില്ല. മതതീവ്രവാദവികാരമാണ് സദാചാരപോലീസിന് ഊര്‍ജ്ജം നല്‍കിയത്. ഇത് നിയമപ്രകാരം കുറ്റകരം തന്നെയാണ്.
പോലീസിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് സ്ത്രീക്കും പുരുഷനും മര്‍ദ്ദനമേറ്റത്. പോലീസിന്റെ ഉത്തരവാദിത്തം സ്ത്രീക്ക് സംരക്ഷണം നല്‍കലാണ്, അതിന്റെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് അവരെകൊണ്ടു പോയാല്‍ മതിയായിരുന്നു. പകരം ഓട്ടോയില്‍ ചെട്ടിപ്പടിക്ക് വിട്ടതെന്ത്? ചെമ്മാട്ടേക്കല്ലേ അവര്‍ക്ക് പോകേതണ്ട? അതുകൊണ്ടാണ് വീണ്ടും മര്‍ദ്ദനം നടന്നത്.

കുറ്റവാളികള്‍ക്കെതിരെ ഒരു കേസുപോലും എടുക്കാത്ത പോലീസ് നടപടി കുറ്റകരമാണ്. ഇക്കാര്യത്തില്‍ കലക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും ഉടന്‍ ഇടപെടണം.

സദാചാരപോലീസിനെ ഉന്മൂലനം ചെയ്‌തേ തീരൂ.

 

താലിബാനിസം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ; സിദ്ധിഖ് പന്താവൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് പൊന്നാനി ലോക്‌സഭാ കമ്മറ്റി പ്രസിഡന്റ്
തെറ്റ്‌ചെയ്യുന്നവരെശിക്ഷിക്കാനുള്ള നിയമവും നിയമ വ്യവസ്ഥയും നിലനില്‍ക്കെ അത്തരം സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വിചാരണപോലും നടത്താതെ സദാചാര പോലീസ് ചമഞ്ഞ് നടന്നുവരുന്ന അക്രമങ്ങള്‍ സമൂഹത്തില്‍ വലിയ അരാചജകത്വം സൃഷ്ടിക്കും.

ഇത്തരത്തില്‍ നാം കേട്ട്‌കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ എല്ലാം ഒരുതരത്തിലുള്ള താലിബാനിസം നടപ്പിലാക്കാനാണ് ആക്രമികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്രമണങ്ങള്‍ക്ക് പിറകിലെല്ലാം ഒരു ഹിഡന്‍ അജണ്ട ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.

പരപ്പനങ്ങാടി അഞ്ചപ്പുര ബവറേജ് ഷോപ്പിനുമുന്നില്‍ ക്യൂനില്‍ക്കാന്‍ സ്ത്രീവന്നു എന്നുപറയുമ്പോള്‍ സാംസ്‌കാരിക കേരളത്തെ നാണിപ്പിക്കുന്ന സംഭവമാണ് എങ്കിലും സദാചാര പോലീസ് ചമഞ്ഞ് നടത്തിയ ആക്രമം ന്യായീകരിക്കാവുന്നതല്ല. എന്തുകൊണ്ട് ഇത്തരം സംഭവം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ച് നാം ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ടതാണ്.

 

ഭരണകൂടത്തിന്റെ തീവ്രവാദത്തോടുള്ള മൃദുസമീപം ; ബിജെപി ജില്ലാ പ്രസിഡന്റ് കെ.ജനചന്ദ്രന്‍മാസ്റ്റര്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദാചാരപോലീസ് ചമഞ്ഞു മതതീവ്രവാദികള്‍ താലിബാനിസം നടപ്പിലാക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് പരപ്പനങ്ങാടി ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലക്കുമുമ്പില്‍ ക്യൂനിന്ന സ്ത്രീ മര്‍ദ്ദിക്കപ്പെട്ട സംഭവമെന്ന് ബി.ജെ.പി ജില്ലാനേതൃയോഗം വിലയിരുത്തി. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഇത്തരം സംഭവങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ഭരണകൂടം തികഞ്ഞ പരാജയമാണെന്നും തീവ്രവാദത്തോടുള്ള മൃദുസമീപനമാണ് ഇതിലൂടെ വെളിവാകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

 

മദ്യത്തിനുവേണ്ടി തെരുവില്‍ സ്ത്രീകള്‍ പോലും ക്യൂനില്‍ക്കുന്ന സാഹചര്യം സൃഷ്ടിച്ചത് ഇടതുവലതു സര്‍ക്കാരുകളുടെ നയവൈകല്യങ്ങളാണ് എന്നും ഈ സാംസ്‌കാരിക അപചയത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണരേണ്ടത് അനിവാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണം; സീനത്ത് ആലിബാപ്പു.പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

 

സ്ത്രീയെ ആക്രമിച്ചവരോട് ഒരിക്കലും യോജിക്കുന്നില്ല. പരപ്പനങ്ങാടിയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള സാഹചര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. ഈ സംഭവത്തേില്‍ പോലീസ് നിഷ്‌ക്രിയമായിരുന്നോ എന്ന് അന്വേഷിക്കണം. എന്നാല്‍ പരപ്പനങ്ങാടി പഞ്ചായത്തില്‍ ഈ മദ്യഷാപ്പ് നിലനിര്‍ത്തുന്നതിനോടും സ്ത്രീകള്‍ മദ്യം വാങ്ങുന്നതിനോടും  യോജിപ്പില്ല.

 

 


മദ്യം വാങ്ങാന്‍ ശ്രമിച്ച വനിതയെ അക്രമിച്ചത് കൊടുംക്രൂരത ; ലെനിന്‍ ദാസ് (എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി)

ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യം വാങ്ങാന്‍ ക്യൂനിന്ന വനിതയെ ഒരുപറ്റം മതതീവ്രവാദികള്‍ സംഘം ചേര്‍ന്ന് സദാചാരത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയും പിന്‍തുടര്‍ന്ന് വീണ്ടും ആക്രമിക്കുകയും ചെയ്തത് കൊടുംക്രൂരതയാണ്. സ്ത്രീ മദ്യം വാങ്ങാന്‍ ക്യൂനിന്നതല്ല., തട്ടമിട്ട സ്ത്രീ മദ്യം വാങ്ങിക്കാന്‍ ക്യൂനിന്നതാണ് വര്‍ഗ്ഗീയഭ്രാന്തന്‍മാരുടെ പ്രശ്‌നം. പ്രസ്തുത സ്ത്രീ എന്തുകൊണ്ട് മദ്യം വാങ്ങിക്കേണ്ടിവന്നു എന്ന് പരിശോധിക്കുന്നതിനുപകരം താലിബാനിസം നടപ്പിലാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍ നിന്ന്് സ്ത്രീക്ക് മദ്യം വാങ്ങാന്‍ പ്ാടില്ല എന്ന നിയമം ഇന്ത്യാരാജ്യത്തെവിടെയും നിലവിലില്ല.
മരുന്ന് വാങ്ങിക്കുന്നതുപോലെ തന്നെ മദ്യംവാങ്ങിക്കാനും പുരുഷനെ പോലെ സ്ത്രീക്കും അവകാശമുണ്ട്.

ഇക്കാര്യത്തില്‍ പോലീസിന്റെ വീഴ്ച ഗുരുതരമാണ്. സ്ത്രീയെ സംരക്ഷിക്കുന്നതിനുപകരം അക്രമികളുടെ ഇടയിലേക്ക് ഇവരെ കയറ്റിവിട്ടത് പരിശോധിക്കപ്പെടേണ്ടതാണ്. അക്രമികളെ സംരക്ഷിക്കുന്ന പോലീസിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്. പോലീസ് അക്രമികളുടെ പേരില്‍ സ്വമേധയാ കേസെടുക്കണം.
കേരളീയസമൂഹത്തില്‍ അടുത്തകാലത്ത് ഉടലെടുത്ത ഇത്തരം സദാചാരപോലീസിനെ അമര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.