മൂന്നിയൂരില്‍ എഐടിയുസി സംസ്ഥാന നേതാവിന് മുസ്ലീംലീഗ് പിന്തുണ:

തേഞ്ഞിപ്പലം : മൂന്നിയൂര്‍ പഞ്ചായത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സിപിഐ നേതാവും എഐടിയുസി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ കെപി ബാലകൃഷ്ണന് പിന്തുണയുമായി മുസ്ലീംലീഗും യുഡിഎഫും രംഗത്ത്. പഞ്ചായത്തിലെ പുതേരിവളപ്പ് ഉള്‍പ്പെടുന്ന മൂന്നാം വാര്‍ഡിലാണ് കെ പി ബാലകൃഷ്ണന്‍ മത്സരിക്കാനൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ മറ്റ് 23 വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഈ വാര്‍ഡ് മാത്രം ഒഴിച്ചിടുകയായിരുന്നു. ഈ സീറ്റിലും വെളിമുക്ക് വാര്‍ഡിലും മത്സരിക്കാനും മറ്റുസീറ്റുകളില്‍ യുഡിഎഫിന് പിന്തുണ നല്‍കാനുമാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്

സിപിഎം തിരൂരങ്ങാടി ഏരിയാകമ്മറ്റിയംഗവും സിഐടിയു നേതാവുമായിരുന്ന കെപി ബാലകൃഷ്ണനെ, മാസങ്ങള്‍ക്ക് മുമ്പ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹം സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ കെപി ബാലകൃഷ്ണനെ ഉള്‍പ്പെടുത്തി ഇടതുമുന്നണി പരിപാടികള്‍ സംഘടപ്പിക്കാന്‍ സിപിഎം ഒരുക്കമായിരുില്ല. ഇതേ തുടര്‍ന്ന് ചില പരിപാടികള്‍ സിപിഎമ്മും സിപിഐയും വേവ്വേറെ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്നിയൂരില്‍ യുഡിഎഫുമായി സഹകരിക്കാന്‍ സിപിഐ തീരുമാനിച്ചിരിക്കുന്നത്.

മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കേസിലെ പ്രതിയായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സൈതലവിക്കെതിരെയും മുസ്ലീംലീഗിനെതിരെയും ശക്തമായ പ്രചരണം നടത്തിവരുന്ന പഞ്ചായത്താണ് മുന്ന്ിയുര്‍. ഇവിടെയാണ് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ യുഡിഎഫിനൊപ്പം കൈകോര്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സംഖ്യമായിരിക്കും മുന്നിയുരിലേത്.

ഇത്തവണ ജില്ലയില്‍ വള്ളിക്കുന്ന് നിയമസഭാമണ്ഡലത്തില്‍ ഭുരിഭാഗം പഞ്ചായത്തുകളിലും ഇടതുമുന്നണി സംവിധാനം തകര്‍ന്നിരിക്കുകയാണ്.. പള്ളിക്കല്‍ പെരുവള്ളുര്‍, ചേലമ്പ്ര, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളില്‍ സിപിഐയും സിപിഎമ്മും വേറിട്ടാണ് മത്സരിക്കുന്നത് തര്‍ക്കം തീര്‍ക്കാന്‍ ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെങ്ങിലും വിജിയിച്ചില്ല.