അനീഷ്‌ മാസ്‌റ്ററെ പിരിച്ചുവിടല്‍;ഉത്തരവ്‌ തയ്യാറാക്കിയത്‌ ഡിഡിഇ ഓഫീസിന്‌ പുറത്ത്‌

Untitled-1 copyമലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായിരുന്ന കെ കെ അനീഷിനെ പിരിച്ചുവിടാന്‍ സ്‌കൂള്‍ മാനേജര്‍ക്ക്‌ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ്‌ തയ്യാറാക്കിയത്‌ ഡിഡിഇ ഓഫീസിന്‌ പുറത്തുനിന്നാണെന്ന്‌ തെളിഞ്ഞു. കെഎസ്‌ടിഎ പ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ്‌ ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്‌.

അന്നത്തെ ഡിഡിഇയുടെ പേരില്‍ ഇറങ്ങിയ ഉത്തരവ്‌ തയ്യാറാക്കിയതിനോ അയച്ചതിനോ മലപ്പുറം വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ യാതൊരു രേഖയുമില്ല. ഫെയര്‍കോപ്പി രജിസ്റ്റര്‍, ഡെസ്‌പാച്ച്‌ രജിസ്റ്റര്‍, ലോക്കല്‍ ഡെലിവറി രജിസ്‌റ്റര്‍ എന്നിവയില്‍ ഇത്‌ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ ഉത്തരവ്‌ വ്യാജമായിരിക്കാമെന്ന സംശയമാണ്‌ ഉയരുന്നത്‌.

മൂന്നിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി സെയ്‌തലവിയും മുന്‍ ഡിഡിഇ കെ സി ഗോപിയും ഗൂഢാലോചന നടത്തിയാണ്‌ അനീഷിനെ പിരിച്ചുവിട്ടതെന്ന ആക്ഷേപം ശക്തമാക്കുന്നതാണ്‌ ഇത്‌. അനീഷിന്റെ മരണം അന്വേഷിക്കുന്ന പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ സംഘം ഡിഡിഇ ഓഫീസില്‍ നിന്ന്‌ കഴിഞ്ഞദിവസം രജിസ്‌്‌റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടുപോയി.

2014 മെയ്‌ 15 നാണ്‌ അനീഷിനെതിരായ പരാതിയില്‍ തെളിവെടുപ്പ്‌ നടന്നത്‌. പിരിച്ചുവിടാന്‍ മാനേജര്‍ക്ക്‌ അനുമതി നല്‍കി മെയ്‌ 30 ന്‌ ഡിഡിഇ കെ സി ഗോപി ഉത്തരവിട്ടു. ഡിഡിഇ വിരമിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഇത്‌. ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട അനീഷിനെ 2014 സെപ്‌തംബര്‍ രണ്ടിന്‌ മലമ്പുഴയിലെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരാവകാശ നിയമപ്രകാരം 2014 ഫെബ്രുവരി മുതല്‍ ആഗസ്റ്റ്‌ വരെയുള്ള വിവരങ്ങളാണ്‌ ലഭിച്ചത്‌.

അനീഷ്‌ മാസ്റ്റര്‍ക്കെതിരെ കേസെടുക്കാനായി സ്‌കൂള്‍ മാനേജര്‍ ഹാജരാക്കിയ വൂണ്ട്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴിക്കോട്‌ ചെറുവണ്ണൂര്‍ കോയാസ്‌ ആശുപത്രിയില്‍ നിന്ന്‌ വ്യാജമായി സൃഷ്ടിച്ചതാണെന്ന്‌ നേരത്തെ പോലീസ്‌ കണ്ടെത്തിയിരുന്നു. നല്ലളം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ആശുപത്രി എംഡി ഡോ.കോയ, മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്യൂണ്‍ മുഹമ്മദ്‌ അഷറഫ്‌, ക്ലാര്‍ക്കുമാരായ അബ്ദുള്‍ റസാഖ്‌, അബ്ദുള്‍ ഹമീദ്‌ എന്നിവര്‍ റിമാന്‍ഡിലായിരുന്നു. മാനേജരുടെ ഭീഷണിയെ തുടര്‍ന്നാണ്‌ അനീഷിനെതിരെ മൊഴി നല്‍കിയതെന്ന്‌ സ്‌കൂളിലെ അധ്യാപകര്‍ മനുഷ്യാവകാശകമ്മീഷന്‌ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.