അനീഷ്‌ മാസ്റ്ററുടെ മരണം;മാനേജര്‍ അനുകൂല മൊഴി അദ്ധ്യാപകര്‍ കൂട്ടത്തോടെ മാറ്റി

Untitled-1 copyതിരൂരങ്ങാടി: മൂന്നിയൂര്‍ സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ അധ്യാപകര്‍ മൊഴിമാറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍. സ്‌കൂള്‍ അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വ്യാജമൊഴി നല്‍കിയതെന്ന്‌ അധ്യാപകര്‍ കമ്മീഷനോട്‌ വെളിപ്പെടുത്തി. ജോലിയിലെ സ്ഥിരത പേടിച്ച്‌ സത്യം മൂടിവെക്കേണ്ട സാഹചര്യമാണ്‌ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം കമ്മീഷന്‍ അനീഷ്‌ മാസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പേരുടെ മൊഴി എടുത്തപ്പോഴാണ്‌ കൂടുതല്‍പേരും മൊഴിമാറ്റിയ്‌ത്‌. ഈ കേസില്‍ അധ്യാപകരും ജീവനക്കാരുമായി 44 പേരുടെ മൊഴികള്‍ വിവിധ ഘട്ടങ്ങളായി കമ്മീഷന്‍ ശേഖരിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം മൊഴി നല്‍കിയതില്‍ 15 പേരും മാനേജ്‌മെന്റിന്‌ അനുകൂലമായി നേരത്തെ നല്‍കിയ മൊഴിമാറ്റി. 44 പേരില്‍ അഞ്ച്‌ പേര്‍ മാത്രമാണ്‌ മാനേജ്‌മെന്റിന്‌ അനുകൂലമായ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത്‌.

ജോലിസ്ഥിരതയോടെ കാര്യത്തിലുള്ള പേടിയും അധികൃതരുടെ സമ്മര്‍ദ്ദവും ഉള്ളതുകൊണ്ടാണ്‌ തങ്ങള്‍ വ്യാജമൊഴി നല്‍കിയതെന്നാണ്‌ ജീവനക്കാര്‍ കമ്മീഷനോട്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌.

കേസും അന്വേഷണവും തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളിലെ പഠനാന്തരീക്ഷം തകരുന്നതായും ഇത്‌ ബാലാവകാശ ലംഘനമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ജീവനക്കാര്‍ക്കെതിരെ മാനേജര്‍ നടപടിയെടുക്കുന്ന സംവിധാനം മാറ്റണമെന്ന്‌ ശിപാര്‍ശ നല്‍കുമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഐജി ശ്രീജിത്ത്‌ പറഞ്ഞു.