അധ്യാപകന്റെ മരണം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

moonniyoor copyമലപ്പുറം: മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായിരുന്ന കെകെ അനീഷിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പാലക്കാട്‌ യൂണിറ്റിലെ ഡിവൈഎസ്‌പി മുഹമ്മദ്‌ കാസിമിനെയാണ്‌ സ്ഥലംമാറ്റിയത്‌. പകരം ഈ കേസ്‌ അന്വേഷിക്കുക ഡിവൈഎസ്‌പി ശശിയായിരിക്കും.
മൂന്നിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ വിപി സൈതലവി എന്ന കുഞ്ഞാപ്പുവിനെ ഈ കേസില്‍ അറസ്റ്റ്‌ ചെയ്യാന്‍ ക്രൈംബ്രാഞ്ച്‌ ശ്രമിച്ചിരുന്നു. കുഞ്ഞാപ്പു അന്നത്തെ ഡിഡിഇ. പ്രധാന അധ്യാപിക എന്നിവരെ തിരക്കി ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ മൂന്നിയൂര്‍ പഞ്ചായത്തിലും സ്‌കൂളിലും വീടുകളിലും എത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവരല്ലാവരും ഒളിവിലാണ്‌. ഇവരുടെ മൂന്‍കൂര്‍ ജ്യാമാപേക്ഷ പരിഗണിക്കുന്നത്‌ പാലക്കാട്‌ സെഷന്‍സ്‌ കോടതി ഈ മാസം 14ലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.

കേസ്‌ ഇത്തരത്തില്‍ പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്‌ കേസ്‌ അട്ടിമറിക്കാനാണെന്ന്‌ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കുഞ്ഞാപ്പുവിന്റെ അറസ്റ്റ്‌ ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ മേല്‍ കടുത്ത സമ്മര്‍ദ്ധമുണ്ടായിരുന്നെന്നും അതിന്‌ വഴങ്ങാത്തതാണ്‌ ഈ മാറ്റത്തിന്‌ കാരണമെന്നുമാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

ഈ കേസ്‌ അട്ടിമറിക്കാനാണ്‌ അന്വേഷണഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്ന്‌ സിപിഐഎം മലപ്പുറം ജില്ലാസക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. സ്‌കൂള്‍ മനേജരുടെ എല്ലാ കൊള്ളരുതായ്‌മകള്‍ക്കും വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ പിന്തുണയുണ്ടെന്നുള്ളതിന്റെ തെളിവാണ്‌ ഇപ്പോഴത്തെ നടപടിയെന്നും സിപിഎം പറഞ്ഞു.