പരപ്പനങ്ങാടിയില്‍ നാട്ടിലിറങ്ങിയ കുരങ്ങന്‍ വിലസുന്നു; വഴിയാത്രക്കാര്‍ ആശങ്കയില്‍

parappanangadi 1പരപ്പനങ്ങാടി: വഴിതെറ്റിയെത്തി മലക്കം മറിഞ്ഞ്‌ നടക്കുന്ന ഒരു പാവം കുരങ്ങന്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ നാട്ടുകാരെ വലയ്‌ക്കാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങളായി. പരപ്പനങ്ങാടി നഗരത്തില്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ കൂട്ടം തെറ്റിയെത്തിയ കുരങ്ങനാണ്‌ വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌.

നേരത്തെ കൗതുകത്തോടെയാണ്‌ ജനങ്ങള്‍ ഈ വിദ്വാനെ നോക്കിയിരുന്നത്‌. എന്നാലിപ്പോള്‍ ഭക്ഷണം കിട്ടാതാകുമ്പോള്‍ മൂപ്പര്‌ നടത്തുന്ന വിക്രിയകള്‍ ലേശം കുഴപ്പം പിടിച്ചതാണ്‌. പരപ്പനങ്ങാടി നഗരകേന്ദ്രമായ പഴയ റെയില്‍വേഗേറ്റും സമീപ പ്രദേശങ്ങളുമാണ്‌ മൂപ്പരുടെ വിഹാരകേന്ദ്രം.

പച്ചക്കറികളും പഴങ്ങളും ബേഗുകളില്‍ തൂക്കി കടന്നുപോകുന്നവരെയാണ്‌ ഈ വിദ്വാന്‍ പ്രധാനമായും നോട്ടമിടുന്നത്‌. നേരിട്ട്‌ ബാഗുകളെ ആക്രമിക്കാതെ വസ്‌ത്രങ്ങളില്‍ പിടിച്ചുവെക്കുകയാണ്‌ പതിവ്‌. ഇതോടെ ഭയപ്പെടുന്ന ആളുകള്‍ ഭാഗിലെ പച്ചക്കറികളോ പഴങ്ങളോ ദക്ഷിണവെച്ച്‌ രക്ഷപ്പെടുകയാണ്‌ പതിവ്‌. എന്നാല്‍ റെയില്‍വേ ലൈനില്‍ കുരങ്ങനെ കാണുമ്പോള്‍ ഭയചകിതരായി റെയില്‍വേ ട്രാക്കിലൂടെ കുട്ടികളോടുന്നത്‌ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്‌.

അതെസമയം ഈ കുരങ്ങന്‍ കൂടുതല്‍ ആക്രമണ കാരിയായി മാറുമോ എന്ന ഭയത്തിലാണ്‌ നാട്ടുകാര്‍.