Section

malabari-logo-mobile

കുരങ്ങ്‌പനി:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവം

HIGHLIGHTS : മലപ്പുറം: കുരങ്ങ്‌പനി സ്ഥീരീകരിച്ച പള്ളിക്കല്‍, അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ പനി പടരാതിരിക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്...

Monkey-feverമലപ്പുറം: കുരങ്ങ്‌പനി സ്ഥീരീകരിച്ച പള്ളിക്കല്‍, അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ പനി പടരാതിരിക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. മാഞ്ചീരി, മുണ്ടക്കടവ്‌, നെടുങ്കയം, ഭൂമിക്കുത്ത്‌ തുടങ്ങിയ ആദിവാസി കോളനികളിലും വനപ്രദേശത്തോട്‌ ചേര്‍ന്ന കുരങ്ങ്‌പനി സാധ്യതാ മേഖലകളിലുമാണ്‌ കുത്തിവെയ്‌പ്‌ നല്‍കുന്നത്‌. കുരങ്ങ്‌പനിയ്‌ക്കെതിരെയുള്ള ബോധവത്‌ക്കരണത്തിനായി പ്രത്യേക ഗ്രാമസഭകള്‍, മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌, പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്‌. ഇതിനായി പ്രതിരോധ വാക്‌സിനായ കെ.എഫ്‌.ഡി.(ക്യാസനൂര്‍ ഫോറസ്റ്റ്‌ ഡിസീസ്‌) 1000 ഡോസ്‌ കര്‍ണാടകയില്‍നിന്ന്‌ പുതുതായി എത്തിച്ചു.
കുരങ്ങിന്റെ ശരീരത്തിലുള്ള ചെള്ള്‌ പരത്തുന്ന രോഗമായതിനാല്‍ ചത്ത കുരങ്ങിനെ കണ്ടെത്തിയതിന്റെ പരിസരത്ത്‌ ചെള്ളുകളെ നശിപ്പിക്കാന്‍ മലാത്തിയോണ്‍ ഡസ്റ്റ്‌ അണുനാശിനി തളിക്കുന്നുണ്ട്‌. കുരങ്ങ്‌ ചത്തതായി കണ്ടെത്തിയാല്‍ വനം വകുപ്പിനേയും വെറ്ററിനറി വിഭാഗത്തേയും അറിയിക്കുകയും ചത്ത കുരങ്ങിന്റെ സാംപിള്‍ പരിശോധനക്ക്‌ അയക്കുകയും ചെയ്യുന്നുണ്ട്‌. 2014 മെയ്‌-ജൂണ്‍ ലാണ്‌ കുരങ്ങ്‌പനി ആദ്യമായി ജില്ലയില്‍ സ്ഥിരീകരിച്ചത്‌. ഇതിനോടകം കുരങ്ങുപനി കണ്ടെത്തിയ അഞ്ച്‌ പേരും രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ്‌ അറിയിച്ചു. പനി സ്ഥീരീകരിക്കുന്നതിനുള്ള ലാബ്‌ ടെസ്‌റ്റ്‌ സൗകര്യം കേരളത്തില്‍ ഇല്ലാത്തതിനാല്‍ പൂനെയിലാണ്‌ നടത്തുന്നത്‌. കാലതാമസം നേരിടാതെ പരിശോധനാ ഫലം മെസജ്‌ വഴി അതത്‌ വ്യക്തികള്‍ക്ക്‌ എത്തിച്ചു കെടുക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
വനത്തിനകത്ത്‌ ജോലിക്ക്‌ പോകുന്ന വനം വകുപ്പ്‌ ജീവനക്കാര്‍, മാവോയിസ്റ്റ്‌ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ട്‌ അംഗങ്ങള്‍, വനമേഖലയോട്‌ ചേര്‍ന്നുള്ള സ്റ്റേഷനുകളിലെ പൊലീസുകാര്‍ തുടങ്ങിയവര്‍ക്കും കുത്തിവെയ്‌പ്‌ നല്‍കുന്നുണ്ട്‌. പ്രത്യേക കേന്ദ്രങ്ങള്‍ക്ക്‌ പുറമെ എല്ലാ ബുധനാഴ്‌ചകളിലും അതത്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നതായി ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!