ചെറിയ പെരുന്നാള്‍ നാളെ

തിരുവനന്തപുരം: ഒരുമാസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുനാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇമാമുമാരുടെയും ഖാസിമാരുടെയും യോഗം സ്ഥിരീകരിച്ചു.

റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാകും പെരുന്നാള്‍ എന്ന് ഖാസിമാരായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യാഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസമൌലവി എന്നിവര്‍ അറിയിച്ചു.

ഞായറാഴ്ച നോമ്പുതുറക്കുശേഷം ദാനധര്‍മങ്ങളിലും പ്രാര്‍ഥനയിലും മുഴുകുന്ന വിശ്വാസികള്‍ ഫിത്വര്‍ സക്കാത്തു നല്‍കും. പെരുന്നാള്‍ദിനം രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പ്രാര്‍ഥനയ്ക്കായി ഒത്തുചേരും.