മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചു

06-1420530141-mohanlal-kunjali-marakkarമോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ ടികെ രാജീവ് കുമാര്‍. സിനിമ വിവാദത്തിലായ പശ്ചാത്തലത്തിലാണ് സിനിമയില്‍ നിന്നും രാജീവ് കുമാര്‍ പിന്മാറുന്നതെന്നാണ് വിവരം.

താന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയുടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കാന്‍ രാജീവ് കുമാര്‍ തന്നെ മുന്‍കൈ എടുത്തത് ഏറെ വിവാദമായിരുന്നു. 20 ലക്ഷം രൂപയാണ് ഇതിനായി ഗെയിംസിന്റെ ചെലവില്‍ നിന്നും പ്രതിഫലമായി പറ്റിയത്.

ദേശീയ ഗെയിംസ് പരിപാടികളുടെ ക്രീയേറ്റീവ് ഡയറക്ടറായിരുന്ന രാജീവ് കുമാര്‍ തന്റെ സിനിമയുടെ പ്രമോഷനുവേണ്ടി ദേശീയ ഗെയിംസിനെ ഉപയോഗിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത്രയും തുക പ്രതിഫലമായി പറ്റിയതും ചോദ്യം ചെയ്യപ്പെട്ടു. രാജീവ് കുമാര്‍ തന്നെയാണ് മോഹന്‍ലാലിന്റെ ലാലിസം പരിപാടി ദേശീയ ഗെയിംസിലേക്ക് കൊണ്ടുവന്നതെന്നും ആരോപണമുണ്ടായിരുന്നു.

1.63 കോടി രൂപ പ്രതിഫലത്തിലാണ് നിലവാരം കുറഞ്ഞ സംഗീത പരിപാടി ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്. പ്രതിഷേധം ഉയര്‍ന്നതോടെ മോഹന്‍ലാല്‍ പ്രതിഫലം തിരിച്ചു നല്‍കി വിവാദ അവസാനിപ്പിക്കുകയായിരുന്നു.