മോഹന്‍ലാലിന്റെ നായികയായി ആന്‍ഡ്രിയ

imagesമോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രത്തിന് ‘ലോഹം’ എന്ന് പേരിട്ടു. ആന്‍ഡ്രിയ ജെര്‍മിയ നായികയായെത്തുന്ന ചിത്രത്തില്‍ അജ്മല്‍ അമീറും ഒരു മുഖ്യ വേഷം അവതരിപ്പിയ്ക്കുന്നുണ്ട്. മോഹന്‍ലാല്‍ വീണ്ടും മീശ പിരിച്ചെത്തുന്ന ചിത്രം ഒരു ത്രില്ലര്‍ മൂഡിലാണ് ചിത്രീകരിയ്ക്കുന്നത്.

ഫിബ്രുവരി അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് ഫിലിംസ് ആണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ പുതുവര്‍ഷത്തിലെ ആദ്യ സിനിമ കൂടിയാണ് രഞ്ജിത് ചിത്രം.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ‘ഞാന്‍’ എന്ന ചിത്രം ചെയ്തതിന് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് ‘ലോഹം’. നേരത്തെ മോഹന്‍ലാലിനെയും മഞ്ജു വാര്യരരെയും താരജോഡികളാക്കി രഞ്ജിത്ത് പുതിയ ചിത്രമൊരുക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഇതിനായി മഞ്ജുവിന് അഡ്വാന്‍സും നല്‍കിയിരുന്നു. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദം മൂലം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷമാണ് മഞ്ജു ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ നായികയാകുന്നതും വമ്പിച്ച തിരിച്ചുവരവ് നടത്തുന്നതും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഇതോടൊപ്പം അമലാ പോള്‍ നായികയാകുന്ന ജോഷി ചിത്രം ‘ലൈല ഓ ലൈല’ എന്ന ചിത്രത്തിലും മോഹന്‍ലാലാണ് നായകന്‍. ഇതിന് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കും.