മോഹന്‍ ഭാഗവതിന്റെ ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ദേശീയഗാനത്തിന് പകരം വന്ദേമാതരം

പാലക്കാട് :പാലക്കാട് കര്‍ണകിയാമ്മന്‍ സ്‌കൂളില്‍ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ ശേഷം ചൊല്ലിയത് വന്ദേമാതരം. സ്‌കൂളില്‍ നടന്ന സ്വാതന്ത്രദിനാഘോഷത്തിലാണ് ഈ ചട്ടലംഘനം നടന്നിരിക്കുന്നത്.
പിന്നീട് സംഭവം വിവാദമാകുമെന്ന മനസ്സിലാക്കി നേതാക്കള്‍ വേദി വിട്ടിറങ്ങിയ ശേഷം വീണ്ടും കയറി ദേശീയഗാനം ചൊല്ലുകയായിരുന്നു.

നേരത്തെ തന്നെ ഈ സ്‌കൂളില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ ദേശീയപതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രധാന അധ്യാപകനോ, ജനപ്രതിനിധികളോ പതാക ഉയര്‍ത്താമെന്നും, രാഷ്ട്രീയനേതാക്കള്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് കലക്ടര്‍ മോഹന്‍ ഭാഗവതിനെ വിലക്കിയിരുന്നു. ഇത് സംബന്ധിച്ച് സ്‌കൂളിനും എസ്പിക്കും, ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസും നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തിയത്.

സംഭവം വിവാദമായതോടെ സ്‌കൂളിന്റെ ഓഫീസ് മുന്നില്‍ വീണ്ടും ദേശീയപതാക ഉയര്‍ത്തി.

ഫോട്ടോ കടപ്പാട് മാധ്യമം