മുഹമ്മദ് ഇര്‍ഫാന്‍ ലോകകപ്പിന് പുറത്ത്

Cricketഅഡലെയ്ഡ്: ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന പാകിസ്താന് അപ്രതീക്ഷിത തിരിച്ചടി. പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ പരിക്കേറ്റ് ലോകകപ്പിന് പുറത്തായതാണ് പാകിസ്താന് തിരിച്ചടിയായത്. ഇടുപ്പിന് പരിക്കേറ്റ ഇര്‍ഫാന് ഓസ്‌ട്രേലിയക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കം തുടര്‍ന്നുള്ള ലോകകപ്പ് മത്സരങ്ങളില്‍ കളിക്കാനാവില്ല.

ദുര്‍ബലമായ പാകിസ്താന്‍ ബൗളിംഗ് ഇര്‍ഫാന്‍ കൂടി ഇല്ലാതാകുന്നതോടെ തീര്‍ത്തും മുനയൊടിഞ്ഞതാകും. സിംബാബ്‌വെയ്‌ക്കെതിരെ നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നും ന്യൂസീലന്‍ഡിനെതിരെ രണ്ടും വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാനാണ് നിലവില്‍ ടീമിന്റെ മികച്ച ബൗളര്‍. വഹാബ് റിയാസ് മാത്രമാണ് ടീമില്‍ സ്ഥിരത കാണിക്കുന്ന മറ്റൊരു ബൗളര്‍.

ലോക ഒന്നാം നമ്പര്‍ ബൗളറായ സയ്യിദ് അജ്മല്‍, പേസര്‍മാരായ ഉമര്‍ ഗുല്‍, ജുനൈദ് ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ആരും ലോകകപ്പില്‍ പാകിസ്താന് വേണ്ടി കളിക്കുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിച്ചാല്‍ ഇര്‍ഫാന് പകരക്കാരനായി ഒരു ബൗളറെ ആവശ്യപ്പെടാനാണ് പാകിസ്താന്റെ തീരുമാനം. അയര്‍ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും പരിക്ക് മൂലം ഇര്‍ഫന്‍ കളിച്ചിരുന്നില്ല. തിങ്കളാഴ്ച നടത്തിയ എം ആര്‍ ഐ. സ്‌കാനിലാണ് ഇര്‍ഫാന്റെ പരിക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയത്.