പ്രധാനമന്ത്രിക്ക്‌ കരിപ്പൂരില്‍ ഉജ്ജ്വല സ്വീകരണം

Narendra_Modi_PTI_2കോഴിക്കോട്‌ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന്‌ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല വരവേല്‌പ്‌. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. രാവിലെ 11.25 ന്‌ കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി സ്വീകരണത്തിനു ശേഷം ഹെലികോപ്‌റ്റര്‍ വഴി കോഴിക്കോട്ടേക്ക്‌ പോയി. ഗവര്‍ണറും മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു. പരിപാടി കഴിഞ്ഞ്‌ ഉച്ചയ്‌ക്ക്‌ 1.45 ഓടെ കരിപ്പൂരില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രിയെ യാത്രയയക്കാനും ഗവര്‍ണറും മുഖ്യമന്ത്രിയും കൂടെയെത്തി.
എം.ഐ. ഷാനവാസ്‌ എം.പി., കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ., ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍, ഡി.ജി.പി. ടി.പി. സെന്‍കുമാര്‍, സ്റ്റേറ്റ്‌ പ്രൊട്ടോക്കോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍, ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍, ജില്ലാ പൊലീസ്‌ മേധാവി കെ. വിജയന്‍, എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ കെ. ജനാര്‍ധനന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പറമ്പന്‍ മിഥുന, ബി.ജെ.പി. നേതാക്കളായ നിര്‍മല കുട്ടികൃഷ്‌ണന്‍, കെ. നാരായണന്‍, എം. പ്രേമന്‍, കെ. രാമചന്ദ്രന്‍, രവി തേലത്ത്‌ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും വിമാനത്താവളത്തില്‍ എത്തിയിരുന്നു.