മോഡിയെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

Imran_Masoodഉത്തര്‍പ്രദേശ് : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അഹറാന്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന്‍ മസൂദാണ് മോഡിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്. ഗുജറാത്ത് കലാപത്തെ പരാമര്‍ശിച്ചാണ് മസൂദ് മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

മസൂദിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയതോടെ വിവാദമാകുകയായിരുന്നു. എന്നാല്‍ ആവേശഭരിതനായതിനാല്‍ പറഞ്ഞു പോയതാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മസൂദ് പിന്നീട് വെളിപ്പെടുത്തി. സംഭവത്തിന്റെ പേരില്‍ ബിജെപി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്. പ്രസംഗത്തിന്റെ വീഡിയോ കമ്മീഷന് അയച്ചു കൊടുത്തിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള ശത്രുതയും മതസ്പര്‍ദ്ദയും വളര്‍ത്തല്‍, സാമാധാന അന്തരീക്ഷം തകര്‍ക്കല്‍,ഭീഷണി തുടങ്ങിയ വകുപ്പുകള്‍ മസൂദിനെതിരെ ചുമത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ ഗുജറാത്താക്കാന്‍ ശ്രമിച്ചാല്‍ മോഡിയെ വെട്ടി നുറുക്കുമെന്നായിരുന്നു ഇമ്രാന്‍ മസൂദിന്റെ പ്രസ്താവന. കൊല്ലപ്പെടുന്നതില്‍ തനിക്ക് ഭയമില്ലെന്നും 4 ശതമാനം മാത്രം മുസ്ലീങ്ങളുള്ള ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമാണ് ഉത്തര്‍പ്രദേശ് എന്നും മസൂദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് മസൂദിന്റെ ഈ വിവാദ പ്രസംഗം.