മൊബൈല്‍ സിം കാര്‍ഡിനായി തിരിച്ചറിയല്‍ രേഖ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണം; ട്രായ്

By സ്വന്തം ലേഖകന്‍|Story dated:Saturday December 7th, 2013,12 21:pm
sameeksha

images (4)കോഴിക്കോട് : മൊബൈല്‍ ഫോണിനായുള്ള സിം കാര്‍ഡ് എടുക്കാനായി തിരിച്ചറിയല്‍

രേഖ നല്‍കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ടെലികം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ബാഗ്ലൂര്‍ റീജീണല്‍ മേധാവി ഡോ.സിബിച്ചണ്‍ മാത്യു, ട്രായ് കോഴിക്കോട് സംഘടിപ്പിച്ച ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിം കാര്‍ഡ് എടുക്കാനായി നല്‍കുന്ന തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍ കുറ്റവാളികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാനായി പകര്‍പ്പില്‍ സിം കാര്‍ഡ് എടുക്കാന്‍ മാത്രം എന്നും കാലാവധി ഒരാഴ്ച മാത്രം എന്നും തിയ്യതി വെച്ചെഴുതി ഒപ്പിടണം. കൂടാതെ സ്വന്തം പേരിലുള്ള സിം കാര്‍ഡ് മറ്റാര്‍ക്കെങ്കിലും ദാനം ചെയ്യുകയാണെങ്കില്‍ അത് അപകടത്തിലേക്ക് നയിച്ചേക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിംകാര്‍ഡുകള്‍ കൈമാറുമ്പോള്‍ അയാള്‍ ചെയ്യുന്ന കുറ്റകൃത്യത്തില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

എസ്എംഎസ് സന്ദേശം നല്‍കുമ്പോഴും ഫേസ്ബുക്ക് ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് കമന്റുകള്‍ക്ക് ലൈക്ക് നല്‍കുന്നതും ഇത്തരം സന്ദേശങ്ങള്‍ എസ്എംഎസ് ആയി അയക്കുന്നതും ജയിലിലടക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈല്‍ ഫോണിലേക്ക് വന്നു കൊണ്ടിരിക്കുന്ന വാണിജ്യപരസ്യങ്ങള്‍ ഒഴിവാക്കാനായി 1909 എന്ന നമ്പറിലേക്ക് TARTO എന്ന് എസ്എംഎസ് അയച്ചാല്‍ മതി. ഇതിനു ശേഷം ഈ പരസ്യങ്ങള്‍ ഏഴ് ദിവസത്തിന് ശേഷം തുടരുകയാണെങ്കില്‍ സേവന ദാതാവിനെതിരെ പിഴ ചുമത്താന്‍ ട്രായിക്ക് അധികാരമുണ്ട്. ക്രിക്കറ്റ് സ്‌കോര്‍, മറ്റ് റിങ്‌ടോണുകള്‍ എന്നിവ ഒഴിവാക്കാനായി TOP O എന്ന് എസ്എംഎസ് 155223 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതി. ഒരു കമ്പനി യില്‍ നിന്ന് സേവനം മറ്റൊന്നിലേക്ക് മാറ്റാന്‍ PORT എന്ന് ടൈപ്പ് ചെയ്ത് സ്വന്തം മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചിരിക്കണം. ഇക്കാര്യങ്ങളെ കുറിച്ചുള്ള ഒദേ്യാഗിക വിവരങ്ങള്‍ www.irai.gov.in ന്‍ ലും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.