Section

malabari-logo-mobile

എം കെ മുനീറും കെഎം ഷാജിയും മുസ്ലിം വിരുദ്ധര്‍; സുപ്രഭാതത്തിന്റെ ലേഖനം

HIGHLIGHTS : കോഴിക്കോട്‌: നിലവിളക്ക്‌ വിവാദം മുസ്ലിംലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം മത സംഘടനയായ സമസ്‌ത. സമസ്‌തയുടെ മുഖപത്രമായ സ...


malappuram newsകോഴിക്കോട്‌: നിലവിളക്ക്‌ വിവാദം മുസ്ലിംലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം മത സംഘടനയായ സമസ്‌ത. സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതത്തി്‌ന്റെ എഡിറ്റോറിയില്‍ പേജില്‍ മതപണ്ഡിതന്‍ കുടിയായ അബ്ദുല്‍ ഹമീദ്‌ ഫൈസിയുടെ ലേഖനത്തിലാണ്‌ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനെതിരെ കടന്നാക്രമണം നടത്തിയിരിക്കുന്നത്‌.
മന്ത്രി എംകെ മുനീറിനെയും, കെഎം ഷാജിയും, കെഎന്‌എ ഖാദറിനെയും പേരെടുത്ത്‌ വിമര്‍ശിക്കുന്ന ലേഖനത്തില്‍ മുസ്ലീം ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ പേരില്‍ വളര്‍ന്നുവന്ന മുസ്ലീം വിരുദ്ധരെ നിലക്കുനിര്‍ത്താനുള്ള ബാധ്യത മുസ്ലീംലീഗിനുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌ നിലവിളക്ക്‌ വിഷയത്തില്‍ കടുത്ത നിലപാട്‌ സ്വീകരിച്ച ഇടി മുഹമ്മദ്‌ ബഷീറിനെ പിന്തുണക്കുന്നുണ്ട്‌ ഹമീദ്‌ ഫൈസി. സംരക്ഷകര്‍ ബാധ്യത മറക്കുന്ന എന്ന തലക്കെട്ടോടെയാണ്‌ ലേഖനം

മുനീറിനും ഷാജിക്കും പുറമെ ഇവരെ ലീഗ്‌ എംഎല്‍എമാരായ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നവരെയും സിപിഎം സ്വതന്ത്രഎംഎല്‍എ  കെടി ജലീല്‍, ഹുസൈന്‍ രണ്ടത്താണി എന്നിവരെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. വിവാഹ പ്രയപരിധി വിഷയത്തില്‍ പ്രതികരിച്ച എംഎസ്‌എഫ്‌, യൂത്ത്‌ ലീഗ്‌ നേതാക്കളെ ശരീഅത്ത്‌ വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്നവര്‍ എന്നാണ്‌ വിമര്‍ശിച്ചിരിക്കുന്നത്‌.

sameeksha-malabarinews

ശരീഅത്ത്‌ വിഷയത്തില്‍ അഭിപ്രായം പറയാന്‍ മതപണ്ഡിതരുണ്ടൈന്ന്‌ ഓാര്‍മ്മിപ്പിക്കുന്ന ലേഖനം അവസാനിപ്പിക്കുമ്പോള്‍ പഴയ ശരീഅത്ത്‌ വിവാദത്തില്‍ ബഹുഭാര്യത്വത്തിനെതിരെ നിലപാടെടുത്ത മുഹമ്മദ്‌ ആരീഫ്‌ ഖാന്‍, ആര്യാടന്‍ മുഹമ്മദ്‌, ടികെ ഹംസ എന്നിവര്‍ സമുദായ മനസ്സില്‍ നിന്നും പുറത്ത്‌ പോയി എന്നും ഓര്‍മ്മിപ്പിക്കുന്നു.


സുപ്രഭാതം ഇന്ന്‌ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു

സംരക്ഷകര്‍ ബാധ്യത മറക്കുന്നു


മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് മതപണ്ഡിതന്‍മാരാണ്. നിലവിളക്ക് വിവാദത്തില്‍ സുന്നി, മുജാഹിദ്, ജമാഅത്ത് പണ്ഡിതന്‍മാര്‍ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. സമസ്ത പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അതിന്റെ മതവിധി യഥാസമയം വ്യക്തമാക്കി


 

writeഅബ്ദുല്‍ ഹമീദ് ഫൈസി
               അമ്പലക്കടവ്

സൗഹാര്‍ദവും സഹിഷ്ണുതയും നിലനിലനിര്‍ത്തി ജീവിക്കണമെന്ന് അനു ശാസിക്കുന്ന ഇസ്‌ലാം മതസൗഹാര്‍ദത്തിന്റെ പേരില്‍ മറ്റു മതസ്ഥരുടെ വിശ്വാസമോ ആചാരമോ സ്വീകരിക്കാന്‍ യാതൊരു വിധ അനുമതിയും നല്‍കുന്നില്ല.

അല്ലാഹുവിന് മുന്നിലല്ലാതെ ഒരു മുസ്‌ലിം ഒരിക്കലും സാഷ്ടാംഗം ചെയ്തുകൂടാ. ഒരു സൃഷ്ടിക്ക് മുമ്പില്‍ കുമ്പിട്ട് നില്‍ക്കാന്‍ പോലും പാടില്ല. ഇതര മതസ്ഥരാകട്ടെ, പ്രതിമകള്‍ക്ക് മുന്നിലും ദേവീ ദേവതകള്‍ക്ക് മുന്നിലും കുമ്പിട്ട് നില്‍ക്കാറുണ്ട്. ”എനിക്ക് വിഗ്രഹത്തില്‍ വിശ്വാസമില്ല. സൗഹൃദത്തിന് വേണ്ടി ഞാന്‍ ചെയ്തതാണ്” എന്നു പറഞ്ഞുസൗഹൃദത്തിന്റെ പേരില്‍ ഒരു മുസ്‌ലിം ഒരു വിഗ്രഹത്തിന് മുന്നില്‍ നമിച്ചാല്‍ അയാളെക്കുറിച്ച് എന്താണ് മതവിധി?

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) പറയുന്നു: ”സ്വന്തം ഇഷ്ടപ്രകാരം മറ്റാരെയും ഭയപ്പെടാതെ ഒരു സൃഷ്ടിക്ക് മുന്നില്‍ സാഷ്ടാംഗം ചെയ്താല്‍ മതത്തില്‍ നിന്ന് പുറത്തുപോകും. സാഷ്ടാംഗം ചെയ്തത് ഒരു പ്രവാചകന്റെ മുന്നിലാണെങ്കിലും. ആ സൃഷ്ടി സാഷ്ടാംഗത്തിന് അര്‍ഹനല്ലെന്ന വിശ്വാസത്തോടെയോ തന്റെ അവയവങ്ങളുടെ പ്രവൃത്തിയോട് മാനസികമായി യോജിക്കാതെയോ ആണത് ചെയ്തതെങ്കിലും മതത്തില്‍ നിന്ന് പുറത്തുപോകും (ഫത്ഹുല്‍ മുഈന്‍ പേജ്: 136) പ്രത്യക്ഷഭാവമനുസരിച്ചാണ് നാം വിധിയെഴുതുകയെന്നാണ് ഇതിന് പറഞ്ഞ ന്യായം. അവന്റെ ഉള്ളില്‍ ഈ വിഗ്രഹത്തില്‍ യാതൊരു വിശ്വാസമില്ലാതെയാണ് ചെയ്തതെങ്കില്‍ എങ്ങിനെയാണ് അവന്‍ മതത്തില്‍ നിന്ന് പുറത്ത് പോയവനായി കണക്കാക്കുക എന്ന സംശയത്തിന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ നല്‍കുന്ന മറുപടി ഇപ്രകാരം: ”പ്രത്യക്ഷത്തില്‍ അവന്റെ ഈ ചെയ്തി അവന്‍ നിഷേധിയാണെന്നറിയിക്കുന്നു”. (അതേ ഗ്രന്ഥം പേജ്: 136)

ഇതര മതസ്ഥരുടെ ആരാധനകളോടും പ്രത്യേക ആചാരങ്ങളോടും ഒരു മുസ്‌ലിം ബന്ധപ്പെടല്‍ വളരെ ഗൗരവതരമായ കാര്യമാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങള്‍ മുസ്്‌ലിംകള്‍ സ്വീകരിച്ചുകൂടെന്ന മതനിയമത്തിന്റെ പശ്ചാത്തലത്തിലാണ് പൂര്‍വ്വകാല മുസ്‌ലിം നേതാക്കള്‍ നിലവിളക്ക് കൊളുത്തല്‍ പോലുള്ള ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. അതില്‍ അമുസ്‌ലിംകള്‍ക്ക് പരാതിയുമില്ല.

മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് മതപണ്ഡിതന്‍മാരാണ്. നിലവിളക്ക് വിവാദത്തില്‍ സുന്നി, മുജാഹിദ്, ജമാഅത്ത് പണ്ഡിതന്‍മാര്‍ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. സമസ്ത പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അതിന്റെ മതവിധി യഥാസമയം വ്യക്തമാക്കി. ഇത് അനുവദനീയമല്ലെന്ന കാര്യം എല്ലാ വിഭാഗം പണ്ഡിതന്‍മാരും വ്യക്തമാക്കി. പിന്നെ, ഇത് വിവാദമാക്കുന്നത് ആരാണ്? ഉത്തരം വ്യക്തം. ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും ഉപദ്രവിച്ച് കപട മതേതരവാദികളുടെ കൈയടി വാങ്ങാനും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനും ശ്രമം നടത്തുന്ന മുസ്് ലിംകളിലെ സ്വാര്‍ത്ഥ തല്‍പരര്‍.

‘നിലവിളക്ക് കൊളുത്തിയാലെന്താ? പൊട്ട് തൊട്ടാലെന്താ? യോഗ നടത്തിയാലെന്താ? ഗോവധം നിരോധിച്ചാലെന്താ? വിവാഹ പ്രായപരിധി നിശ്ചയിച്ചാലെന്താ? ഇങ്ങിനെ ചോദിച്ച് കൊണ്ട് ഇതെല്ലാം ന്യായീകരിച്ച് കൊണ്ട് ഒരു പൊതു പത്രത്തില്‍ ലേഖനമെഴുതിയത് കഴിഞ്ഞ തവണ ഇടതുപക്ഷ സ്വതന്ത്രനായി പാര്‍ലമെന്റിലേക്ക് മത്സരിച്ച കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധി ഹുസൈന്‍ രണ്ടത്താണിയായിരുന്നു. ഇജ്തിഹാദ് (ഗവേഷണം) നടത്തിയപ്പോള്‍ നിലവിളക്ക് കൊളുത്താമെന്നാണ് തനിക്ക് കിട്ടിയതെന്ന് പറയുന്ന കെ.ടി ജലീലും നിലവിളക്ക് കൊളുത്തുന്നതില്‍ യാതൊരു അപാകതയുമില്ലെന്നു കണ്ടെത്തിയ മുനീര്‍, ഷാജി, ഖാദിര്‍ കൂട്ടുകെട്ടും മുസ്‌ലിം ലീഗിലെ ഇത്തരക്കാര്‍ക്ക് അംഗീകാരം ഉണ്ടാക്കാന്‍ വിഫലശ്രമം നടത്തുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയുമെല്ലാം ലക്ഷ്യമാക്കുന്നത് ഒന്നുമാത്രം.

ഇസ് ലാമിനെയും ഇസ് ലാമിക ചിഹ്നങ്ങളെയും പുച്ഛിച്ചുകൊണ്ട് സമുദായത്തിനുള്ളില്‍ നിന്ന് രംഗത്തുവരുന്നവര്‍ക്ക് കപടമതേതര വാദികള്‍ക്കിടയിലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലും അംഗീകാരം ലഭിക്കുമെന്നാണ് പ്രത്യാശ. മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ വളര്‍ന്നുവന്ന ഇത്തരം മുസ്‌ലിം വിരുദ്ധരെ നിലക്ക് നിര്‍ത്തേണ്ട ബാധ്യത മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിക്കുണ്ട്. അക്കാര്യം മുസ്‌ലിം ലീഗ് നിര്‍വഹിക്കുക തന്നെ ചെയ്യുമെന്നാണ് മുസ്്‌ലിം ലീഗിന്റെ പാരമ്പര്യവും, അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഉറച്ച നിലപാടും വ്യക്തമാക്കുന്നത്.വിവാഹ പ്രായ പരിധി വിവാദത്തോടനുബന്ധിച്ച് ശരീഅത്ത് വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന ചില മുസ്‌ലിം വിദ്യാര്‍ഥി യുവജന നേതാക്കളുടെ സമീപനവും വിലയിരുത്തപ്പെടേണ്ടതുണ്ട്. അത്തരക്കാര്‍ക്കെതിരേ അന്ന് പാര്‍ട്ടി സ്വീകരിച്ച നിലപാട് ഇന്ന് നിലവിളക്ക് വിവാദമുണ്ടാക്കിയവര്‍ക്ക് പ്രോത്സാഹനവും ധൈര്യവും പകര്‍ന്നു നല്‍കിയോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മുസ്്‌ലിം സമുദായത്തോടൊപ്പം നില്‍ക്കട്ടെ. ശരീഅത്ത് വിഷയത്തില്‍ അഭിപ്രായം പറയാന്‍ അവര്‍ വേണ്ട. അതിന് പണ്ഡിതന്‍മാരുണ്ട്. ആരിഫ്ഖാനും ആര്യാടനും ടി.കെ ഹംസയും ശരീഅത്തിനെതിരേ നിലകൊണ്ടപ്പോള്‍ സമുദായമനസ്സില്‍ നിന്ന് പുറത്തുപോയത് ഇത്തരക്കാര്‍ക്ക് പാഠമാകേണ്ടതാണ്.

കടപ്പാട്‌ സുപ്രഭാതം.കോം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!