മിസോറാം ലോട്ടറി വിറ്റ അഞ്ചുപേര്‍ അറസ്റ്റില്‍

കൊച്ചി: അനധികൃതമായി മിസോറാം ലോട്ടറി വിറ്റ അഞ്ചുപേര്‍ പാലക്കാട് അറസ്റ്റിലായി. മിസോറാം ലോട്ടറിയുടെ ഗോഡൗണില്‍ നടത്തിയ റെയിഡില്‍ 5 കോടിയോളം ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ഇവര്‍ 18 ലക്ഷം ടിക്കററുകള്‍ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ ലോട്ടറി വിറ്റിരിക്കുന്നത്. മിസോറാം ലോട്ടരി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൂടുതല്‍ നടപടികള്‍ക്കായി ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കും.

കേരളത്തില്‍ ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ് മിസോറാം ലോട്ടറിയുടെ വിതരണക്കാര്‍. സെപ്തംബറില്‍ മിസോറാം ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുമെന്ന് പരസ്യമുണ്ടായിരുന്നു. ഇതെ തുടര്‍ന്ന് ഇതിനെപറ്റി അന്വേഷണം നടത്താന്‍ ഐസക് നിര്‍ദേശിക്കുകയായിരുന്നു.

കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യം മറ്റ് സംസ്ഥാനങ്ങളെ അറിയിക്കണം. എന്നാല്‍ മിസോറാം ഇക്കാര്യം അറിയിച്ചിരുന്നില്ല. പത്രപരസ്യത്തിലൂടെയാണ് ലോട്ടരി വരുന്നത് അറിഞ്ഞത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും മിസോറാമിനെയും അറിയിച്ചിട്ടുണ്ട്.