മാതാപിതാക്കളോട് മോശമായി പെരുമാറിയാല്‍ മക്കളെ വീട്ടില്‍ നിന്ന് ഇറക്കി വിടാം; ഡല്‍ഹി ഹൈക്കോടതി

ദില്ലി:മോശമായ രീതിയില്‍ പെരുമാറിയാല്‍ മക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിലും അവകാശമില്ലെന്നും കോടതി പറഞ്ഞു. വീട് മാതാപിതാക്കളുടെ പേരിലല്ലെങ്കിലും മാതാപിതാക്കളോട് മോശം പെരുമാറ്റം കാണിക്കുന്നവരെ വീട്ടില്‍നിന്നും പുറത്തിറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുതിര്‍ന്ന പൌരന്‍മാര്‍ക്കും, രക്ഷിതാക്കള്‍ക്കും മക്കളില്‍നിന്നും അധിക്ഷേപവും പീഡനങ്ങളും ഒഴിവാക്കാനാണ് ഇത്തരം നിയമങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റീസ് മന്‍മോഹന്‍ ചൂണ്ടികാട്ടി.

മുതിര്‍ന്ന പൌരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാനമായ പരാമര്‍ശം. രാജ്യത്തെ മുതിര്‍ന്ന പൌന്‍മാരുടെ ക്ഷേമത്തിനായി 2007ല്‍ കൊണ്ടുവന്ന ”മെയ്ന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍ നിയമത്തെ” പരാമര്‍ശിച്ചാണ് ജസ്റ്റിസ് നിരീക്ഷണം നടത്തിയത്.

രക്ഷിതാക്കള്‍ മക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചെത്തിയാല്‍ തെളിവുകളില്ലാതെ തന്നെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.