മന്ത്രിമാര്‍ക്ക്‌ കോടികള്‍ നല്‍കിയെന്ന്‌ ബാറുടമകള്‍

Untitled-1 copyതിരു: ബാറുടമകള്‍ക്ക്‌ അനുകൂലമായ നിലപാടെടുക്കാന്‍ ധനമന്ത്രി കെഎം മാണി ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന്‌ ആരോപണം. വെള്ളിയാഴ്‌ച രാത്രിയിലെ ചാനല്‍ ചര്‍ച്ചയിലാണ്‌ ഒരു ബാറുടമയും ബാറുടമകളുടെ അസോസിയേഷന്റെ ഒരു നേതാവും ആരോപണവുമായി രംഗത്തെത്തിയത്‌.

മാണിയുടെ പാലായിലെ വീട്ടിലെത്തി അസോസിയേഷന്‍ നേതാക്കള്‍ 15 ലക്ഷം 85 ലക്ഷം എന്നിങ്ങനെ രണ്ട്‌ ഗഡുക്കളായി ഒരു കോടി രൂപ നല്‍കിയെന്നാണ്‌ ആരോപണം. ഇക്കൊല്ലം ലൈസന്‍സ്‌ പുതുക്കാതിരുന്ന 418 ബാറുകള്‍ തുറക്കാനായി മന്ത്രി കെഎം മാണി അഞ്ചു കോടി രൂപ കൈക്കുലി ആവിശ്യപ്പെട്ടെന്നും അഡ്വാന്‍സായി ഒരു കോടി കൈപ്പറ്റിയെന്നുമാണ്‌ അസോസിയേഷന്‍ നേതാവ്‌ ഡോ ബിജു രമേഷ്‌ ആരോപിച്ചിരിക്കുന്നത്‌.

തന്റെ ആരോപണത്തെ കുറിച്ച്‌ സിബിഐ അന്വേഷിക്കണമന്നും താന്‍ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ ഹാജരാക്കാമെന്നും ഇയാള്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. താന്‍ പറഞ്ഞത്‌ കളവാണെന്ന്‌ കരുതുന്നുവെങ്ങില്‍ തന്നെ നുണപരിശോധനക്ക്‌ വിധേയമാക്കാമെന്നും ബിജു വെല്ലുവിളിച്ചു.

സംഭവം വിവാദമായതോടെ ഈ ആരോപണത്തിന്‌ പിന്നില്‍ മുഖ്യമന്ത്രിയാണെന്ന കേരളകോണ്‍ഗ്രസ്സ്‌ നേതാവും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പിസി ജോര്‍ജ്ജ്‌ പറഞ്ഞു. മാണിക്കെതിരെയുള്ള ആരോപണത്തിന്‌ പിന്നില്‍ ഗൂഡോലോചനയുണ്ടെന്നും ചില യൂഡിഎഫ്‌ നേതാക്കള്‍ക്ക്‌ ഇതില്‍ പങ്കുണ്ടെന്നും ജോര്‍ജ്‌ പറഞ്ഞു.