മന്ത്രി എംഎം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Story dated:Tuesday April 25th, 2017,10 17:am

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ തുടങ്ങി ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. പ്ലകാർഡും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം.

മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചോദ്യോത്തരവേള റദ്ദാക്കി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതാണ്. മന്ത്രിയുടെ മോശം പെരുമാറ്റത്തെ നിയമസഭാ സ്പീക്കർ പോലും അപലപിച്ചു. അസാധാരണമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ചോദ്യോത്തരവേള നിർത്തിവെച്ച് അടിയന്തരപ്രമേയം ചർച്ച ചെയ്യാറില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചു.