ശബരിമല സന്നിധിയില്‍ മന്ത്രി കെടി ജലീല്‍: എല്ലാ മതത്തിലെയും വര്‍ഗ്ഗീയവാദികള്‍ ശബരിമല സന്ദര്‍ശിക്കണമെന്നും മന്ത്രി

kt-jaleel-1പത്തനംതിട്ട:  മണ്ഡല, മകരവിളക്ക് ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല് ശബരിമല സന്നിധാനത്തെത്തി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരോടപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

സന്നിധാനത്തെ കെട്ടിടനിര്‍മ്മാണം അവിടുത്തെ പവിത്രതക്ക് യോജിച്ച നിലയിലല്ലെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഇത് ക്രമേണ പരിഹരിക്കണമെന്നും ശില്പഭംഗി പാലിക്കണമെന്നും പറഞ്ഞു. എല്ലാ മതത്തില്‍ പെട്ട വര്‍ഗ്ഗീയവാദികളും ശബരിമല സന്ദര്‍ശിക്കണമെന്നും അയ്യപ്പന്റെയും വാവരുടെയും കഥകള്‍ തന്നിലുണര്‍ത്തുന്നത് മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും ചരിത്രമാണെന്നും അദ്ദേഹം മാധമങ്ങളോട് പ്രതികരിച്ചു.
സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ശബരിമലയുടെ മതസൗഹാര്‍ദ്ധപാരമ്പര്യത്തെ കുറിച്ചുള്ളതായിരുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണ്ണരൂപം

മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല…! അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍… അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു….. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം.