അനധികൃത സ്വത്ത്‌ സമ്പാദനം;കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌

k-babuതൃപ്പുണിത്തറ: അനധികൃത സ്വത്ത്‌ സമ്പാദന കേസുകളില്‍ മുന്‍ എക്‌സൈസ്‌ മന്ത്രി കെ ബാബുവിന്റെ വീട്ടിലടക്കം ഏഴിടങ്ങളില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. ബാബുവിന്റെ തൃപ്പുണിത്തറയിലെ വീട്ടിലും പെണ്‍മക്കളെ വിവാഹം ചെയ്‌തയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലും ബാബുവിന്റെ സന്തതസഹചാരികളായ രണ്ടുപേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിലാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌.

ഇന്ന്‌ പുലര്‍ച്ചെയാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. വിജിലന്‍സിന്റെ രണ്ട്‌ ഡിവൈഎസ്‌പിമാരടക്കം അഞ്ച്‌ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ്‌ പങ്കെടുക്കുന്നത്‌. റെയ്‌ഡിന്‌ മുന്നോടിയായി ബാബുവിന്റെ സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിന്റെ ഭാഗമായാണ്‌ റെയ്‌ഡ്‌.

ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക്‌ ലൈസന്‍സുകള്‍ അനുവദിച്ചതിലെ ക്രമക്കേട്‌ സംബന്ധിച്ച വിജിലന്‍സ്‌ സെന്‍ട്രല്‍ റേഞ്ച്‌ എസ്‌പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബാബുവിനെതിരെ കേസെടുത്തിരുന്നു. ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്‌ട്രീസ്‌ അസോസിയേഷന്‍ നേതാവ്‌ വി എം രാധാകൃഷ്‌ണന്‍ അടക്കമുള്ള ഹോട്ടലുടമകള്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. ഇതിന്റെ തുടര്‍ച്ചയായാണ്‌ ബാബുവിന്റെയും മക്കളുടെയും ബിനാമികഥളുടെയും വീടുകളിലും ഓഫീസുകളിലും റെയ്‌ഡ്‌.